എതിരാളിയെ വന്മാർജിനിൽ തോൽപ്പിച്ചു, വീണ്ടും പുരസ്കാര നിറവിൽ സ്കലോണി!

അർജന്റീന ഇപ്പോൾ ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഈ സുവർണ്ണ കാലഘട്ടത്തിന് ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് അവരുടെ പരിശീലകനായ ലയണൽ സ്കലോണിക്ക് തന്നെയാണ്. തകർന്നടിഞ്ഞ് നിന്നിരുന്ന ഒരു ടീമിനെ പുനർ നിർമ്മിച്ചത് സ്കലോണിയാണ്. കോപ്പ അമേരിക്ക കിരീടം നേടിക്കൊടുത്തുകൊണ്ട് വലിയ ഒരു കിരീട ക്ഷാമത്തിന് അറുതി വരുത്താൻ ഈ പരിശീലകന് സാധിക്കുകയായിരുന്നു.

എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് ഇറ്റലിയെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിസിമയും ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് ഖത്തർ വേൾഡ് കപ്പ് കിരീടവും ഈ പരിശീലകൻ നേടി. ഇതിന് പിന്നാലെ IFFHS ന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പരിശീലകൻ ഉള്ള പുരസ്കാരം ഇദ്ദേഹത്തെ തേടിയെത്തി. കൂടാതെ ഫിഫയുടെ ഏറ്റവും മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടതും സ്കലോണി തന്നെയായിരുന്നു.

ഇപ്പോഴിതാ മറ്റൊരു പുരസ്കാരം കൂടി ഈ പരിശീലകന് ലഭിച്ചിട്ടുണ്ട്. പ്രശസ്ത മാധ്യമമായ എൽ പയസ് സൗത്ത് അമേരിക്കയിലെ ഏറ്റവും മികച്ച പരിശീലകന് വേണ്ടിയുള്ള വോട്ടെടുപ്പ് നടത്തിയിരുന്നു. ഈ വോട്ടെടുപ്പിൽ വിജയിച്ചുകൊണ്ടാണ് സൗത്ത് അമേരിക്കയിലെ ഏറ്റവും മികച്ച പരിശീലകനായി കൊണ്ട് സ്കലോണി മാറിയിട്ടുള്ളത്. ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസിന്റെ പരിശീലകനായ എബൽ ഫെരീരയാണ് രണ്ടാം സ്ഥാനത്ത് എത്തിയിട്ടുള്ളത്.

107 വോട്ടുകളാണ് ഈ അർജന്റീന പരിശീലകന് ലഭിച്ചിട്ടുള്ളത്. അതേസമയം 35 വോട്ടുകൾ മാത്രമാണ് ഈ പാൽമിറാസ് പരിശീലകന് നേടാൻ കഴിഞ്ഞിട്ടുള്ളത്.ഏതായാലും സ്കലോണിക്ക് കീഴിൽ അർജന്റീന ഈ മാസം രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. പനാമയും കുറക്കാവോയുമാണ് അർജന്റീനയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *