എതിരാളികൾ ലോകചാമ്പ്യൻമാർ, ജീവൻമരണ പോരാട്ടത്തിനൊരുങ്ങി പറങ്കിപ്പട!
യുവേഫ യൂറോയിലെ മരണഗ്രൂപ്പിലെ തങ്ങളുടെ അവസാനത്തെ പോരാട്ടത്തിനൊരുങ്ങി നിൽക്കുകയാണ് പോർച്ചുഗൽ. എതിരാളികൾ ലോകചാമ്പ്യൻമാരായ ഫ്രാൻസ് ആണ്.രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുകൾ നേടിയ ഫ്രാൻസ് പ്രീ ക്വാർട്ടർ ഉറപ്പിച്ചതാണ്. അതേസമയം പോർച്ചുഗല്ലിനാവട്ടെ ഇത് ജീവൻമരണ പോരാട്ടമാണ്. ഇന്നത്തെ മത്സരത്തിൽ വലിയ രീതിയിൽ പരാജയപ്പെട്ടാൽ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗല്ലിന് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്ത് പോവേണ്ടി വരും. അതേസമയം തോൽവി ഒഴിവാക്കാൻ സാധിച്ചാൽ പ്രീ ക്വാർട്ടറിലേക്ക് മുന്നേറാം. കഴിഞ്ഞ മത്സരത്തിൽ ജർമ്മനിയോടേറ്റ തോൽവിയാണ് പോർച്ചുഗല്ലിന്റെ സ്ഥിതി വഷളാക്കിയത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-നാണ് ഈ മത്സരം അരങ്ങേറുക.
Who's already through? Who can join them? 🤔
— UEFA EURO 2020 (@EURO2020) June 23, 2021
ℹ️ Everything you need to know about the qualifying rules from the group stage 👇#EURO2020
അതേസമയം ഈ ഗ്രൂപ്പിൽ തന്നെ നിർണായകമായ മറ്റൊരു മത്സരം നടക്കുന്നുണ്ട്. കരുത്തരായ ജർമ്മനി ഹങ്കറിയെയാണ് നേരിടുന്നത്. ഈ മത്സരവും ഇന്ന് രാത്രി 12:30-നാണ് അരങ്ങേറുക. ഹങ്കറിക്കെതിരെ തോൽവി ഒഴിവാക്കിയാൽ ജർമ്മനിക്ക് പ്രീ ക്വാർട്ടറിലേക്ക് മുന്നേറാൻ സാധിക്കും. എന്നാൽ ജർമ്മനിയെ ഹങ്കറി അട്ടിമറിച്ചാൽ പ്രീ ക്വാർട്ടറിൽ എത്തുക ഹങ്കറിയായിരിക്കും. അത്കൊണ്ട് തന്നെ നിലവിൽ ഈ ഗ്രൂപ്പിൽ എല്ലാ ടീമുകളും സാധ്യതകൾ അവശേഷിക്കുന്നുണ്ട്. ഏതായാലും ഈ ജീവൻമരണ പോരാട്ടങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം.
ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ കരുത്തരായ സ്പെയിൻ കളത്തിലേക്കിറങ്ങുന്നുണ്ട്.സ്ലോവാക്യയാണ് സ്പെയിനിന്റെ എതിരാളികൾ.മത്സരത്തിൽ സ്പെയിനിന് വിജയം അനിവാര്യമാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയ സ്പെയിൻ നിലവിൽ മൂന്നാം സ്ഥാനത്താണ്.ഒന്നാം സ്ഥാനത്തുള്ള സ്വീഡനും നാലാമതുള്ള പോളണ്ടും തമ്മിൽ ഇന്ന് ഏറ്റുമുട്ടുന്നുണ്ട്.ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30-നാണ് മത്സരം അരങ്ങേറുക.