ഈ ജനറേഷനിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ:യമാലിനെ പ്രശംസിച്ച് ക്രിസ്റ്റ്യാനോയും!
യുവ സൂപ്പർ താരം ലാമിൻ യമാൽ തന്റെ ഗംഭീര പ്രകടനം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.ഈ ലാലിഗയിൽ ബാഴ്സലോണക്ക് വേണ്ടി മൂന്ന് ഗോളുകളും 4 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. മാത്രമല്ല ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാഴ്സലോണക്ക് വേണ്ടി ഗോൾ നേടാനും ഈ 17കാരന് കഴിഞ്ഞിട്ടുണ്ട്. ബാഴ്സയുടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം എന്ന റെക്കോർഡ് യമാൽ സ്വന്തമാക്കി കഴിഞ്ഞു.ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് താരം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
യമാലിനെ പ്രശംസിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി രംഗത്ത് വന്നിട്ടുണ്ട്.ഭാവിയിൽ ബാലൺഡി’ഓർ നേടാൻ സാധ്യതയുള്ള താരങ്ങളിൽ ഒരാളായി കൊണ്ട് ക്രിസ്റ്റ്യാനോ നേരത്തെ തന്നെ യമാലിന്റെ പേര് പറഞ്ഞിരുന്നു.അതിന് പുറമേ ഒരിക്കൽ കൂടി ഈ താരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് റൊണാൾഡോ. ഒരുപാട് ടാലന്റ് ഞാൻ യമാലിൽ കാണുന്നു എന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ലാമിൻ യമാലിൽ ഒരുപാട് ടാലന്റ് ഞാൻ കാണുന്നുണ്ട്.ഭാവിയിൽ അദ്ദേഹത്തിന് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെയാണെങ്കിൽ തീർച്ചയായും ഈ ജനറേഷനിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് മാറാൻ അദ്ദേഹത്തിന് സാധിക്കും ” ഇതാണ് റൊണാൾഡോ യമാലിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
യമാലിന്റെ പ്രതിഭയിൽ ആർക്കും സംശയങ്ങൾ ഒന്നുമില്ല. പരിക്കുകൾ ഏൽക്കാതെ മുന്നോട്ടുപോകാൻ കഴിഞ്ഞാൽ തീർച്ചയായും വലിയ ഒരു കരിയർ തന്നെ കെട്ടിപ്പടുത്ത് ഉയർത്താൻ അദ്ദേഹത്തിന് സാധിക്കും. നിലവിൽ സ്പെയിൻ ദേശീയ ടീമിന് വേണ്ടിയും ബാഴ്സലോണക്ക് വേണ്ടിയും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. കഴിഞ്ഞ യൂറോ കപ്പിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് യമാൽ തന്നെയായിരുന്നു.