ഇല്ല.. ഒന്നും അവസാനിച്ചിട്ടില്ല: നെയ്മറുടെ കമന്റ് വൈറലാകുന്നു!

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഏറെ കാലമായി കളിക്കളത്തിന് പുറത്താണ്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ വർഷം നടന്ന ഉറുഗ്വക്കെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിനിടയിലാണ് നെയ്മർക്ക് അതി ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് കഴിഞ്ഞ സീസൺ മുഴുവനായും നെയ്മർക്ക് നഷ്ടമായി.നെയ്മർ അടുത്തമാസം കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

ബ്രസീലിലെ പ്രമുഖ ഇൻഫ്ലുവൻസറാണ് ലൂക്ക മാസിയേൽ. കഴിഞ്ഞദിവസം അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. നെയ്മർ ജൂനിയറുടെ സാന്റോസിലെ പ്രകടനം കണ്ട് വളർന്ന ഒരു കുട്ടിക്കാലം അദ്ദേഹം ഓർമ്മിച്ചെടുക്കുകയാണ്.ഇപ്പോൾ നെയ്മർ ജൂനിയറെ വളരെയധികം മിസ്സ് ചെയ്യുന്നുണ്ട് എന്നാണ് അദ്ദേഹം ആ ഒരു വീഡിയോയിലൂടെ പ്രതിപാദിക്കുന്നത്.സാന്റോസിലെ നെയ്മറുടെ പ്രകടനങ്ങൾ അദ്ദേഹം ആ ഒരു വീഡിയോയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിന്റെ കമന്റ് ബോക്സിൽ നെയ്മർ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.

ശാന്തനാകൂ, ഒന്നും അവസാനിച്ചിട്ടില്ല എന്നായിരുന്നു നെയ്മറുടെ കമന്റ്.ഇത് വലിയ രൂപത്തിൽ വൈറലായിട്ടുണ്ട്. പ്രധാനമായും രണ്ടു വ്യാഖ്യാനങ്ങളാണ് ഇതിനു നൽകുന്നത്.ഒന്ന് നെയ്മർ ജൂനിയർ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു എന്നുള്ളതിന്റെ ഒരു സൂചന അദ്ദേഹം നൽകി എന്നാണ് വ്യാഖ്യാനം. അതല്ല അദ്ദേഹം സാന്റോസിലേക്ക് തന്നെ മടങ്ങി വരുന്നു എന്നുള്ളതിന്റെ ഒരു സൂചനയായിക്കൊണ്ടും വ്യാഖ്യാനിക്കുന്നുണ്ട്. ഏതായാലും നെയ്മറെ ഇഷ്ടപ്പെടുന്ന ആരാധകർക്കുള്ള ഒരു ശുഭപ്രതീക്ഷയായി കൊണ്ടാണ് അദ്ദേഹത്തിന്റെ കമന്റ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്.

കളിക്കളത്തിലേക്ക് തിരിച്ചെത്താൻ വേണ്ടി ഇപ്പോൾ കഠിന ശ്രമങ്ങൾ നെയ്മർ നടത്തുന്നുണ്ട്.അടുത്ത മാസത്തിന്റെ തുടക്കത്തോടെ നെയ്മർ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ ബ്രസീലിയൻ ടീമിൽ ഉടനെ തന്നെ അദ്ദേഹത്തെ ഉൾപ്പെടുത്താൻ സാധ്യതയില്ല. ഒക്ടോബറിലെ ഇന്റർനാഷണൽ ബ്രേക്കിൽ ആയിരിക്കും നെയ്മർ ബ്രസീലിന്റെ ദേശീയ ടീമിൽ തിരിച്ചെത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *