ഇത് സ്വപ്നസമാനം : അർജന്റീനയുടെ കുതിപ്പിനെ കുറിച്ച് ഡി പോൾ പറയുന്നു!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ വമ്പന്മാരായ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന വെനിസ്വേലയെ പരാജയപ്പെടുത്തിയത്. സൂപ്പർതാരങ്ങളായ ലയണൽ മെസ്സി,എയ്ഞ്ചൽ ഡി മരിയ,നിക്കോളാസ് ഗോൺസാലസ് എന്നിവരാണ് അർജന്റീനക്ക് വേണ്ടി വലകുലുക്കിയത്.ഇതോട് കൂടി തുടർച്ചയായി 30 മത്സരങ്ങൾ അർജന്റീന തോൽവിയറിയാതെ പൂർത്തിയാക്കിക്കഴിഞ്ഞു.

ഇന്നത്തെ മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് മധ്യനിര താരമായ റോഡ്രിഗോ ഡി പോൾ കാഴ്ച്ചവെച്ചത്. രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് ഡി പോളായിരുന്നു.ഏതായാലും ടീമിന്റെ ഈ അപരാജിത കുതിപ്പിൽ ഡി പോൾ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. സ്വപ്ന സമാനം എന്നാണ് ഡി പോൾ ഇതേ കുറിച്ച് പറഞ്ഞത്. മത്സര ശേഷം സംസാരിക്കുകയായിരുന്നു ഡി പോൾ.അദ്ദേഹത്തിന്റെ വാക്കുകളെ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞങ്ങളുടെ ഈ രൂപത്തിലുള്ള മുന്നേറ്റം അവിശ്വസനീയമാണ്,ഇത് സ്വപ്ന സമാനമാണ്.ദേശീയ ടീമിന്റെ ജേഴ്‌സി നിങ്ങൾക്ക് എപ്പോഴും ഒരു അധിക ഊർജ്ജം നൽകുന്നു.നിങ്ങളൊരിക്കലും ഈ ജേഴ്സിയിൽ ക്ഷീണിതനാവുകയില്ല. ഞങ്ങൾ ഓരോ മത്സരത്തെയും ഫൈനൽ എന്ന രൂപേണയാണ് സമീപിക്കുന്നത്. കാരണം ഈ ജേഴ്സി അണിയുന്നത് വളരെയധികം സന്തോഷമുള്ള ഒരു കാര്യമാണ്. മത്സരം നല്ല രൂപത്തിൽ ഫിനിഷ് ചെയ്യാൻ സാധിച്ചു,കൂടാതെ ക്ലീൻ ഷീറ്റും സ്വന്തമാക്കി.പക്ഷെ കാര്യങ്ങൾ ഇനി മന്ദഗതിയിൽ ആവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. തിരക്ക് പിടിക്കുകയും അരുത്. ഞങ്ങൾ വേൾഡ് കപ്പിലേക്ക് നല്ല രൂപത്തിൽ എത്താൻ പോകുന്നു. പക്ഷേ ഞങ്ങൾക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട് ” ഇതാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.

ഇനി ഇക്വഡോറിനെതിരെയാണ് അർജന്റീന അടുത്ത മത്സരം കളിക്കുക.ഇക്വഡോറിന്റെ മൈതാനത്ത് വെച്ചാണ് ഈ ഒരു മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *