ഇത് നാണക്കേട്,ക്രിസ്റ്റ്യാനോ ഉണ്ടെങ്കിൽ പോർച്ചുഗൽ ഫ്രാൻസിനോട് തോൽക്കും:മുൻ ജർമ്മൻ താരം

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഇന്നലെ ഒരു മോശം ദിവസമായിരുന്നു. പോർച്ചുഗലും സ്ലോവേനിയയും തമ്മിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിന്റെ എക്സ്ട്രാ ടൈമിൽ പോർച്ചുഗലിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചിരുന്നു. അത് ക്രിസ്റ്റ്യാനോ റൊണാൾഡോ പാഴാക്കുകയായിരുന്നു.ഇതോടുകൂടിയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

പെനാൽറ്റി ഷൂട്ടൗട്ടിന് മുൻപേ റൊണാൾഡോ നിയന്ത്രണം വിട്ട് കരയുകയായിരുന്നു. എന്നാൽ ആദ്യ പെനാൽറ്റി എടുത്ത റൊണാൾഡോ ഗോളാക്കി മാറ്റുകയും പോർച്ചുഗൽ ആരാധകരോട് മാപ്പ് പറയുകയും ചെയ്തു. അവരുടെ ഗോൾ കീപ്പറായ ഡിയഗോ കോസ്റ്റയുടെ മികവിൽ പോർച്ചുഗൽ ക്വാർട്ടർ പ്രവേശനം സാധ്യമാക്കുകയും ചെയ്തു. ഏതായാലും ഈ മത്സരത്തിലെ സംഭവവികാസങ്ങളുടെ പേരിൽ ജർമ്മൻ ഇതിഹാസമായ ദിദി ഹമാൻ ക്രിസ്റ്റ്യാനോക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.ക്രിസ്റ്റ്യാനോയുടെ റിയാക്ഷൻ നാണക്കേട് ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം ഉണ്ടെങ്കിൽ ഫ്രാൻസിനോട് പോർച്ചുഗൽ തോൽക്കുമെന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഹമാന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോയുടെ യഥാർത്ഥ നിറമാണ് ഇന്ന് പുറത്തേക്ക് വന്നത്.39 കാരനായ ഒരു താരം 120 മിനിറ്റ് കളിച്ചിട്ടും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞില്ല.ഒരു പെനാൽറ്റി പാഴാക്കുകയും ചെയ്തു.റൊണാൾഡോ കൂടുതൽ ടീം പ്ലെയർ ആയി മാറുകയാണ് വേണ്ടത്.ക്രിസ്റ്റ്യാനോയുടെ റിയാക്ഷൻ വളരെയധികം നാണക്കേട് ഉണ്ടാക്കുന്നതായിരുന്നു.കാരണം പോർച്ചുഗൽ എന്ന ടീം നിങ്ങളല്ല.എല്ലാവരും കൂടി ചേർന്നതാണ്.അദ്ദേഹം പെനാൽറ്റി ഗോളാക്കിയതിനുശേഷം ആരാധകരോട് മാപ്പ് പറഞ്ഞു.അതിന്റെ ഒരു ആവശ്യവും അവിടെയില്ല.എന്തായാലും അടുത്ത മത്സരത്തിൽ അദ്ദേഹം സ്റ്റാർട്ട് ചെയ്യും. അങ്ങനെയാണെങ്കിൽ പോർച്ചുഗൽ ഫ്രാൻസിനോട് പരാജയപ്പെടാനാണ് സാധ്യത ” ഇതാണ് ഹമാൻ പറഞ്ഞിട്ടുള്ളത്.

യൂറോ കപ്പിൽ നാലു മത്സരങ്ങളിലും റൊണാൾഡോ കളിച്ചിട്ടുണ്ട്. ഒരു ഗോൾ പോലും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഇനി അടുത്ത ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസാണ് അവരുടെ എതിരാളികൾ. ഫ്രാൻസിനെ മറികടക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും.ക്രിസ്റ്റ്യാനോ മത്സരത്തിൽ സ്റ്റാർട്ട് ചെയ്യും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *