ഇതൊരിക്കലും സ്വപ്നം കണ്ടിരുന്നില്ല, ആനന്ദത്തോടെ സ്കലോണി പറയുന്നു!

ചിരവൈരികളായ ബ്രസീലിനെ കീഴടക്കി കൊണ്ടാണ് അർജന്റീന തങ്ങളുടെ കിരീടവരൾച്ചക്ക്‌ വിരാമമിട്ടത്. അർജന്റീനയുടെ ഈ കോപ്പ അമേരിക്ക കിരീടനേട്ടത്തിൽ നിർണായക പങ്ക് വഹിച്ചത് പരിശീലകനായ ലയണൽ സ്കലോണിയാണ്.2018-ലെ വേൾഡ് കപ്പിന് ശേഷം പരിശീലകസ്ഥാനമേറ്റെടുത്ത സ്കലോണി പതിയെ പതിയെ അർജന്റീനയെ പടുത്തുയർത്തുകയായിരുന്നു. ഒടുവിൽ ഈ കിരീടനേട്ടത്തിൽ വരെ എത്തിനിൽക്കുന്നു. ചുരുക്കത്തിൽ 28 വർഷക്കാലത്തെ കിരീടക്ഷാമത്തിന് അറുതി വരുത്താൻ സ്കലോണി അവതരിക്കേണ്ടി വന്നു. ഏതായാലും വളരെ ആനന്ദത്തോടെ സംസാരിച്ചിരിക്കുകയാണ് ലയണൽ സ്കലോണി. താൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നാണ് സ്കലോണി അറിയിച്ചിട്ടുള്ളത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഇതൊരു വ്യത്യസ്ഥവും ബുദ്ധിമുട്ടുമേറിയ ഒരു കോപ്പ അമേരിക്കയായിരുന്നു.അത്പോലെ തന്നെ കിരീടം നേടാനും ബുദ്ധിമുട്ടി.പക്ഷേ ഒടുവിൽ ഞങ്ങൾക്ക്‌ കിരീടം നേടാനായി.സത്യമെന്തെന്നാൽ പരിശീലകനായ അന്ന് മുതൽ ഞാൻ ഏറെ ആഗ്രഹിച്ചത് ഈ നിമിഷത്തിനായിരുന്നു. എന്നാൽ ഇത്‌ സഫലമാവുമെന്ന് എനിക്കുറപ്പുണ്ടായിരുന്നില്ല.തീർച്ചയായും ഞങ്ങൾക്ക്‌ വളരെ പ്രധാനപ്പെട്ട ഒരു കിരീടമാണ് ഇത്‌.ഞങ്ങൾക്ക്‌ വേണ്ടി കഷ്ടപ്പെട്ട ഒരുപാട് പേർ ഇവിടെയുണ്ട്. തീർച്ചയായും അവർക്കാണ് ഈ കിരീടം എന്നെക്കാളും പ്രാധാന്യമർഹിക്കുന്നത്.കോച്ചിംഗ് ലൈഫ് എന്നെ മാറ്റിമറിച്ചിട്ടൊന്നുമില്ല. പക്ഷേ എന്റെ താരങ്ങൾ എന്നെ മാറ്റിയിട്ടുണ്ട് ” ഇതാണ് സ്കലോണി പറഞ്ഞിട്ടുള്ളത്. ഏതായാലും അർജന്റീന ആരാധകർക്ക്‌ ഇനിയും ഒരുപാട് പ്രതീക്ഷയാണ് സ്കലോണിയിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *