ഇതിഹാസങ്ങളുമായി താരതമ്യം അരുത്, നെയ്മർ പ്രവചനാതീതമായ താരം, ടിറ്റെ പറയുന്നു !

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ കഴിഞ്ഞ ദിവസം മറ്റൊരു നാഴികകല്ല് കൂടെ പിന്നിട്ടിരുന്നു. ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ താരമെന്ന പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാൻ നെയ്മർക്ക് കഴിഞ്ഞിരുന്നു. 62 ഗോളുകൾ നേടിയ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയെയാണ് നെയ്മർ 64 ഗോളുകൾ നേടിക്കൊണ്ട് പിന്നിലാക്കിയത്. കൂടാതെ പെലെയുടെ 77 എന്ന റെക്കോർഡും നെയ്മർക്ക് വിദൂരമല്ല. പക്ഷെ ഇത്രയൊക്കെ നേടിയിട്ടും നെയ്മറെ ബ്രസീലിയൻ ഇതിഹാസമായി പലരും കണക്കാക്കുന്നില്ല എന്ന പരാതി ചിലർക്കിടയിൽ ഉയർന്നു വന്നിരുന്നു എന്ന് മാത്രമല്ല പലരും നെയ്മറെ റൊണാൾഡോയുമായും മറ്റു ഇതിഹാസങ്ങളുമായും താരതമ്യം ചെയ്തിരുന്നു. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ബ്രസീലിയൻ പരിശീലകൻ ടിറ്റെ. നെയ്മറെ ആരുമായിട്ടും താരതമ്യം ചെയ്യേണ്ട ആവിശ്യമില്ലെന്നും ഓരോ താരങ്ങൾക്കും അവരുടേതായ മൂല്യങ്ങൾ ഉണ്ട് എന്നുമാണ് ടിറ്റെ അഭിപ്രായപ്പെട്ടത്. തന്റെ അഭിപ്രായത്തിൽ പ്രവചിക്കാൻ കഴിയാത്ത ഒരു താരമാണ് നെയ്മറെന്നും ടിറ്റെ അറിയിച്ചു.

” ഓരോ തലമുറക്കും അവരുടേതായ മൂല്യങ്ങളുണ്ട്. ഒരു അസാധാരണമായ താരമായിരുന്നു റൊണാൾഡോ. റിവാൾഡോയും റൊമാരിയോയും ബെബെറ്റോയും അവരുടെതായ മൂല്യമർഹിക്കുണ്ട്. അവർക്ക് ഓരോരുത്തർക്കും അവരുടേതായ സമയമുണ്ടായിരുന്നു. അത്കൊണ്ട് തന്നെ ഈ താരങ്ങളെയൊക്കെ താരതമ്യം ചെയ്യുക എന്നുള്ളത് യുക്തിയില്ലാത്ത കാര്യമാണ്. നെയ്മറെ കുറിച്ച് എനിക്ക് പറയാനുള്ളത്, നെയ്മർ പ്രവചനാതീതമായ ഒരു താരമാണ് എന്നുള്ളതാണ്. നെയ്മർ എന്ന താരം ഗോളുകളും അസിസ്റ്റുകളും മാത്രം നമുക്ക് നൽകുന്ന താരമല്ല. പക്വതയുടെ കാര്യത്തിലും മറ്റെല്ലാ കാര്യത്തിലും വളരെയധികം ഉയരത്തിൽ നിൽക്കുന്ന ഒരു താരമാണ് ” ടിറ്റെ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ പെറുവിനെതിരെയുള്ള മത്സരത്തിലായിരുന്നു നെയ്മർ തന്റെ കരിയറിലെ പത്തൊൻപതാം ഹാട്രിക് കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *