ഇതല്ലായിരുന്നു ഞങ്ങൾക്ക് വേണ്ടിയിരുന്നത്: തകർന്ന ഹൃദയത്തോടെ ക്രിസ്റ്റ്യാനോ കുറിച്ച വാക്കുകൾ!
യൂറോ കപ്പിൽ നടന്ന കഴിഞ്ഞ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പോർച്ചുഗലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസാണ് പോർച്ചുഗലിനെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും യൂറോ കപ്പിൽ നിന്നും പുറത്തായി. തന്റെ അവസാനത്തെ യൂറോ കപ്പ് ആണ് ഇതെന്ന് നേരത്തെ റൊണാൾഡോ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ അദ്ദേഹം ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു യൂറോ കപ്പ് ആയിരിക്കും ഇത്.
5 മത്സരങ്ങൾ കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നില്ല. ദുഃഖകരമായ നിമിഷങ്ങൾ മാത്രമായിരുന്നു ഈ യൂറോ കപ്പ് അദ്ദേഹത്തിന് സമ്മാനിച്ചിരുന്നത്. ഏതായാലും പോർച്ചുഗൽ പുറത്തായതിന് പിന്നാലെ റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ ചില കാര്യങ്ങൾ കുറിച്ചിട്ടുണ്ട്. ഇതെല്ലായിരുന്നു പോർച്ചുഗൽ ആഗ്രഹിച്ചിരുന്നത് എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഇതിനേക്കാൾ കൂടുതൽ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. ഇതിനെക്കാൾ കൂടുതൽ ഞങ്ങൾ അർഹിക്കുന്നുമുണ്ട്. ഈ ടീമും പോർച്ചുഗലും ആരാധകരും ഇതല്ല അർഹിക്കുന്നത്. നിങ്ങളുടെ പിന്തുണക്ക് നന്ദിയുണ്ട്.ഇതുവരെ നമ്മൾക്ക് നേടാനായതിലെല്ലാം എനിക്ക് കൃതാർത്ഥതയും ഉണ്ട്. കളത്തിനകത്തും പുറത്തും ഈ ലെഗസി ഇനിയും ഒരുപാട് കാലം തുടരും എന്നത് എനിക്കുറപ്പുണ്ട്. നമുക്ക് ഒരുമിച്ച് മുന്നോട്ടുപോകാം ” ഇതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു റൊണാൾഡോ സൗദി അറേബ്യയിൽ നടത്തിയിരുന്നത്.50 ഗോളുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.യൂറോ കപ്പിന് മുന്നോടിയായി കളിച്ച സൗഹൃദ മത്സരത്തിൽ അയർലാൻഡിനെതിരെ റൊണാൾഡോ രണ്ട് ഗോളുകൾ നേടിയിരുന്നു. എന്നാൽ യൂറോ കപ്പിൽ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ നിരവധി വിമർശനങ്ങൾ താരത്തിന് ഏൽക്കേണ്ടി വരുന്നുമുണ്ട്.