ഇങ്ങനെയാണെങ്കിൽ നമ്മൾ എന്നും യൂറോകപ്പിന്റെ താഴെയായിരിക്കും: പുല്ലിനെതിരെ ആഞ്ഞടിച്ച് അർജന്റീന താരങ്ങൾ!

ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ കാനഡയെ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരങ്ങളായ ഹൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ് എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്.മാക്ക് ആല്ലിസ്റ്റർ,ലയണൽ മെസ്സി എന്നിവരാണ് അസിസ്റ്റുകൾ നൽകിയത്.

അമേരിക്കൻ ക്ലബ്ബായ അറ്റ്ലാൻഡ യുണൈറ്റഡിന്റെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. യഥാർത്ഥത്തിൽ ഇവിടെ നാച്ചുറൽ ഗ്രാസ് അല്ലായിരുന്നു ഉണ്ടായിരുന്നത്. പകരം സിന്തറ്റിക് ടർഫ് ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അർജന്റീന ടീമിന്റെ റിക്വസ്റ്റ് പ്രകാരം 5 ദിവസങ്ങൾക്ക് മുന്നേ ഈ ടർഫ് പൂർണ്ണമായും മാറ്റി ഗ്രാസ് തന്നെ വെച്ചു പിടിപ്പിച്ചിരുന്നു. പക്ഷേ ഗ്രൗണ്ടിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു.ഈ പുല്ലിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് അർജന്റൈൻ പരിശീലകനും സൂപ്പർ താരങ്ങളായ എമി മാർട്ടിനസ്,ക്രിസ്റ്റ്യൻ റൊമേറോ എന്നിവരും രംഗത്ത് വന്നിട്ടുണ്ട്.എമിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“കാനഡ മികച്ച ടീമാണ്. പക്ഷേ ഈ മൈതാനമാണ് ഞങ്ങൾക്ക് കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയത്.ഞങ്ങൾക്ക് ഇനിയും കൂടുതൽ ഗോളുകൾ നേടാമായിരുന്നു.അതിന് തടസ്സമായി നിലകൊണ്ടത് പുല്ല് ആണ്.ഡി മരിയ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ഇത് തടസ്സമായി. ഇതിനൊരു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ നമ്മൾ എപ്പോഴും യൂറോ കപ്പിന് താഴെ തന്നെയായിരിക്കും ഉണ്ടാവുക “ഇതാണ് അർജന്റീന ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.

പ്രതിരോധനിരതാരം റൊമേറോ പറഞ്ഞത് ഇങ്ങനെയാണ്. “കളിക്കളത്തിന്റെ അവസ്ഥകൾ വളരെ മോശമായിരുന്നു. ഇത്തരമൊരു പ്രധാനപ്പെട്ട ടൂർണ്ണമെന്റ് ഇത്രയും മോശമായ ഒരു മൈതാനത്ത് വെച്ച് കളിക്കേണ്ടി വരുന്നു എന്നത് തികച്ചും ദൗർഭാഗ്യകരമായ കാര്യമാണ്.ഞങ്ങളുടെ മത്സരം സങ്കീർണ്ണമാവാൻ തന്നെ കാരണം ഈ മൈതാനമാണ്. പക്ഷേ മികച്ച പ്രകടനമാണ് ഞങ്ങൾ നടത്തിയത് ” ഇതാണ് റൊമേറോ പറഞ്ഞിട്ടുള്ളത്.

അർജന്റീനയുടെ പരിശീലകനായ സ്‌കലോണിയും ഇതിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ടർഫ് മാറ്റി പുല്ല് വെച്ചുപിടിപ്പിക്കാൻ 7 മാസങ്ങൾ ഉണ്ടായിട്ടും ദിവസങ്ങൾക്ക് മുന്നേയാണ് അവർ അത് ചെയ്തതെന്നും ഇത് ഗുരുതരമായ വീഴ്ചയാണ് എന്നുമാണ് സ്‌കലോണി ആരോപിച്ചിട്ടുള്ളത്.മത്സരത്തിൽ മികച്ച പ്രകടനമാണ് അർജന്റീന നടത്തിയതെങ്കിലും കൂടുതൽ ഗോളുകൾ നേടാൻ അവർക്ക് സാധിക്കാതെ പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *