ഇംഗ്ലണ്ടിന്റെ പടുകൂറ്റൻ തോൽവി,പേരിലായത് ഒരുപിടി നാണക്കേടിന്റെ കണക്കുകൾ!

ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ഹങ്കറിക്ക് മുന്നിൽ തകർന്നടിഞ്ഞത്. മൈതാനത്ത് വെച്ചാണ് ഇംഗ്ലണ്ടിന് ഈയൊരു നാണക്കേട് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.ഹങ്കറിക്ക് വേണ്ടി റോളണ്ട് ഇരട്ട ഗോളുകൾ നേടിയപ്പോൾ നഗി,ഗാസ്ഡാഗ് എന്നിവർ ശേഷിച്ച ഗോളുകൾ നേടുകയായിരുന്നു.ജോൺ സ്റ്റോൺസ് റെഡ് കാർഡ് കണ്ട് പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയാവുകയും ചെയ്തു.

നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ കേവലം 2 പോയിന്റ് മാത്രമാണ് ഇംഗ്ലണ്ടിന്റെ സമ്പാദ്യം.ഇനി സെമിയിൽ പ്രവേശിക്കുക എന്നുള്ളത് ഏറെക്കുറെ അസാധ്യമാണ്. മാത്രമല്ല ഇനി പരാജയപ്പെട്ടാൽ നേഷൻസ് ലീഗിന്റെ ബിയിലേക്ക് തരം താഴ്ത്തപ്പെടാനും സാധ്യതയുണ്ട്.

ഏതായാലും ഈ തോൽവിയോടു കൂടി ഒരുപിടി നാണക്കേട് കണക്കുകൾ സൗത്ത് ഗേറ്റിന്റെ ടീമിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.1953-ന് ശേഷം ഇംഗ്ലണ്ടിനെതിരെ അവരുടെ മൈതാനത്ത് നാലു ഗോളുകൾ നേടുന്ന ആദ്യത്തെ ടീമാണ് ഹങ്കറി.1953 ലും ഹങ്കറി തന്നെയായിരുന്നു ഇംഗ്ലണ്ടിനെതിരെ നാലിൽ കൂടുതൽ ഗോളുകൾ നേടിയത്.6-3 എന്ന സ്കോറിനായിരുന്നു ഹങ്കറി അന്ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.

ചരിത്രത്തിലാദ്യമായാണ് ഇംഗ്ലണ്ട് സ്വന്തം മൈതാനത്ത് നാലു ഗോളുകൾ വഴങ്ങി കൊണ്ട്, ഒരെണ്ണം പോലും തിരിച്ചടിക്കാനാവാതെ പരാജയപ്പെടുന്നത്. മാത്രമല്ല 1928-ന് ശേഷം ഇതാദ്യമായാണ് സ്വന്തം മൈതാനത്ത് നാല് ഗോളുകൾ ഇംഗ്ലണ്ട് വഴങ്ങുന്നത്.1928-ൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് അവർ സ്കോട്ട്ലാന്റിനോട് പരാജയപ്പെട്ടിരുന്നു. അന്ന് ഒരു ഗോൾ നേടാനായെങ്കിൽ ഇന്ന് ഒരെണ്ണംപോലും തിരിച്ചടിക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല.

ഏതായാലും ഇത്തരത്തിലുള്ള നാണക്കേടിന്റെ റെക്കോർഡുകൾ വലിയ തലവേദനയാണ് ഇംഗ്ലണ്ടിനും പരിശീലകനായ സൗത്ത് ഗേറ്റിനും ഇപ്പോൾ വരുത്തിവെച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *