ആ തോൽവി വളരെയധികം വേദനിപ്പിക്കുന്നുവെന്ന് ഫ്രഞ്ച് കോച്ച്, ലക്ഷ്യം പ്രതികാരമോ?
ഇന്ന് യുവേഫ യൂറോ കപ്പിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ പോർച്ചുഗല്ലും ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുന്നത്.ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബപ്പേയും പരസ്പരം മുഖാമുഖം വരുന്നു എന്ന ഒരു സവിശേഷതയും ഈ മത്സരത്തിനുണ്ട്. ഒരു കടുത്ത പോരാട്ടമാണ് ഫുട്ബോൾ ആരാധകർ ഇന്നത്തെ മത്സരത്തിൽ പ്രതീക്ഷിക്കുന്നത്.
2016 യൂറോ കപ്പിൽ പോർച്ചുഗല്ലും ഫ്രാൻസും തമ്മിലായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയിരുന്നത്. അന്ന് ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം സ്വന്തമാക്കാൻ പോർച്ചുഗലിന് സാധിച്ചിരുന്നു. അതിന് പ്രതികാരം വീട്ടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഫ്രാൻസ് ഇന്ന് വരുന്നത്.അന്നത്തെ തോൽവി വളരെയധികം വേദനിപ്പിക്കുന്നു എന്ന് ഫ്രഞ്ച് പരിശീലകനായ ദെഷാപ്സ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്
“അങ്ങ് അവരൊരു കരുത്തരായ ടീമായിരുന്നു.അവർ ചെയ്യേണ്ടത് ചെയ്തു. ഞാൻ അഭിനന്ദനങ്ങൾ നേരുന്നു.ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് വളരെയധികം വേദനാജനകമായിരുന്നു.അന്ന് കിരീടം നേടാൻ ഞങ്ങൾ വളരെയധികം ആഗ്രഹിച്ചിരുന്നു.ഇപ്പോഴും ഞങ്ങൾ കരുത്തരാണ്. രണ്ട് ടീമുകളും വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടാണ് വരുന്നത്.ഒരു ടീമിന് മാത്രമാണ് സെമിയിൽ എത്താൻ കഴിയുക.അത് ഞങ്ങളായിരിക്കണം, അതിനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ” ഇതാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ യൂറോ കപ്പിൽ ഹൈപ്പിന് അനുസരിച്ചുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ ഫ്രാൻസിന് കഴിഞ്ഞിട്ടില്ല. ഓപ്പൺ പ്ലേയിൽ നിന്ന് ഒരു ഗോൾ പോലും അവർ ഇതുവരെ നേടിയിട്ടില്ല. അതേസമയം കഴിഞ്ഞ മത്സരത്തിൽ വളരെയധികം ബുദ്ധിമുട്ടി കൊണ്ടാണ് പോർച്ചുഗൽ വിജയിച്ചിട്ടുള്ളത്. ഇന്നത്തെ മത്സരത്തിൽ 2 ടീമുകളും പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിച്ചേക്കും.