ആ ക്ലബ്ബിനു വേണ്ടി ഒരിക്കൽ കൂടി കളിക്കണം, അതെന്റെ സ്വപ്നമാണ്: നെയ്മർ

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. താരത്തെ ഒഴിവാക്കാൻ പിഎസ്ജി ആഗ്രഹിക്കുന്നുണ്ട് എന്നുള്ളത് മാത്രമല്ല നെയ്മറും ക്ലബ്ബ് വിടാൻ ഇപ്പോൾ താല്പര്യപ്പെടുന്നുണ്ട്. പക്ഷേ പിഎസ്ജിയുടെ പുതിയ പരിശീലകനായി കൊണ്ട് ലൂയിസ് എൻറിക്കെ വരികയാണെങ്കിൽ നെയ്മർ ഒരുപക്ഷേ പിഎസ്ജിയിൽ തന്നെ തുടരാൻ തീരുമാനിച്ചേക്കും.

ഏതായാലും കഴിഞ്ഞ ദിവസം നെയ്മർ ജൂനിയർ ബാന്റ് സ്പോർട്സിന് ഒരു അഭിമുഖം നൽകിയിരുന്നു. നെയ്മറുടെ ഭാവിയെക്കുറിച്ച് ഇതിൽ അദ്ദേഹത്തോട് തന്നെ ചോദിക്കപ്പെട്ടിരുന്നു. ഫുട്ബോൾ താരങ്ങളുടെ ജീവിതം എപ്പോഴും മാറിക്കൊണ്ടിരിക്കുമെന്നും എന്നാൽ ഒരിക്കൽ കൂടി ബ്രസീലിയൻ ക്ലബ്ബായ സാൻഡോസിനു വേണ്ടി കളിക്കണമെന്നുള്ളത് തന്റെ സ്വപ്നമാണ് എന്നും ആണ് നെയ്മർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു ഫുട്ബോൾ താരത്തിന്റെ ജീവിതം ചലനാത്മകമാണ്.അത് എപ്പോഴും ഇങ്ങനെ മാറിക്കൊണ്ടേയിരിക്കും. ചില സമയത്ത് നിങ്ങൾ ഒരു സ്ഥലത്തായിരിക്കും,പിന്നീട് മറ്റൊരു സ്ഥലത്തേക്ക് മാറേണ്ടി വന്നേക്കും.പക്ഷേ തീർച്ചയായും ഒരിക്കൽ കൂടി ബ്രസീലിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരിക്കൽ കൂടി സാന്റോസിന് വേണ്ടി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.അതെന്റെ സ്വപ്നമാണ്.ഒരു ദിവസം അത് നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഫുട്ബോൾ എന്നത് എപ്പോഴും സർപ്രൈസുകൾ നിറഞ്ഞതാണ് ” ഇതാണ് നെയ്മർ ജൂനിയർ പറഞ്ഞിട്ടുള്ളത്.

ഏതായാലും നിലവിലെ അവസ്ഥയിൽ നെയ്മർ പിഎസ്ജി തന്നെ തുടരാനാണ് സാധ്യത.പ്രീമിയർ ലീഗിലെ ചില ക്ലബ്ബുകൾ നെയ്മറിൽ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതിൽ ഇതുവരെ യാതൊരുവിധ പുരോഗതിയും രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല നെയ്മർക്ക് പിഎസ്ജിയുമായി ദീർഘകാലത്തെ കോൺട്രാക്ട് അവശേഷിക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *