ആ കിരീടം കൂടി ലഭിച്ചാൽ ഞാൻ കൃതാർത്ഥനായി:ഡി മരിയ പറയുന്നു!

ഫുട്ബോൾ ലോകത്തെ അമൂല്യമായ കിരീടങ്ങൾ എല്ലാം സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ.യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും ഫിഫ വേൾഡ് കപ്പ് കിരീടവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ ഈ പോർച്ചുഗീസ് ക്ലബ്ബിന് വേണ്ടി കളിച്ച താരം കഴിഞ്ഞ സമ്മറിൽ ഈ ക്ലബ്ബിലേക്ക് തന്നെ മടങ്ങി എത്തുകയായിരുന്നു.

അർജന്റൈൻ ക്ലബ്ബായ റൊസാരിയോ സെൻട്രലിലൂടെ കരിയർ ആരംഭിച്ച താരമാണ് ഡി മരിയ.അവിടെത്തന്നെ കരിയർ അവസാനിപ്പിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. മാത്രമല്ല റൊസാരിയോക്കൊപ്പം കോപ ലിബർട്ടഡോറസ് കിരീടം കൂടി നേടിക്കഴിഞ്ഞാൽ താൻ കൃതാർത്ഥനായി എന്നുള്ള കാര്യം ഡി മരിയ തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഞാൻ എപ്പോഴും പറയാറുണ്ട്. എനിക്ക് റൊസാരിയോ സെൻട്രലിലേക്ക് തിരിച്ചുവരണം എന്നുള്ളത്. റൊസാരിയോക്കൊപ്പം ഒരിക്കൽ കൂടി കോപ ലിബർട്ടഡോറസിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.പതിനേഴാമത്തെ വയസ്സിൽ ആയിരുന്നു ഞാൻ കളിച്ചിരുന്നത്.അന്ന് എനിക്ക് എക്സ്പീരിയൻസ് ഒന്നും ആയിട്ടില്ലായിരുന്നു.ആ കിരീടം നേടുക എന്നുള്ളത് ഒരു സ്വപ്നമാണ്.റൊസാരിയോടൊപ്പം അത് നേടാൻ കഴിഞ്ഞാൽ പിന്നീട് ഞാൻ കൃതാർത്ഥനാകും.കോപ ലിബർട്ടഡോറസ് നേടുക എന്നുള്ളത് എന്റെ കരിയർ ഏറ്റവും മികച്ച രീതിയിൽ അവസാനിപ്പിക്കാനുള്ള ഒരു മാർഗ്ഗം കൂടിയാണ്. ആ കിരീടത്തിന് വേണ്ടി ഞാൻ എന്റെ മരണംവരെ പോരാടുക തന്നെ ചെയ്യും ” ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.

സൗത്ത് അമേരിക്കയിലെ ചാമ്പ്യൻസ് ലീഗ് എന്നാണ് കോപ ലിബർട്ടഡോറസ് അറിയപ്പെടാറുള്ളത്. ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസാണ് കഴിഞ്ഞ സീസണിലെ കോപ്പ സ്വന്തമാക്കിയത്.അർജന്റൈൻ ക്ലബ്ബായ ബൊക്കെയായിരുന്നു അവർ തോൽപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *