ആൽവരസിനെ ക്ലബ്ബിലെത്തിക്കണം,അർജന്റൈൻ താരങ്ങൾ പണി തുടങ്ങി!
2022ലായിരുന്നു അർജന്റൈൻ സൂപ്പർതാരമായ ഹൂലിയൻ ആൽവരസിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്.അർജന്റൈൻ ക്ലബ്ബായ റിവർ പ്ളേറ്റിൽ നിന്നായിരുന്നു താരം എത്തിയത്.ഇതേ സമയത്ത് തന്നെയാണ് സൂപ്പർ സ്ട്രൈക്കർ ഏർലിംഗ് ഹാലന്റിനെ മാഞ്ചസ്റ്റർ സിറ്റി കൊണ്ടുവരുന്നത്.അതോടെ മുൻഗണന അദ്ദേഹത്തിനായി.
ഹാലന്റ് ഉണ്ടായതുകൊണ്ടുതന്നെ ആൽവരസിന്റെ അവസരങ്ങൾ ചുരുക്കപ്പെട്ടു. കിട്ടിയ അവസരങ്ങളിൽ എല്ലാം തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും അർഹിച്ച അവസരങ്ങൾ അദ്ദേഹത്തിന്റെ ലഭിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ ഈ സമ്മറിൽ ക്ലബ്ബ് വിടാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അടുത്ത സീസണിൽ ക്ലബ്ബിൽ സ്ഥിരമായിട്ട് അവസരങ്ങൾ ഉറപ്പില്ലെങ്കിൽ ഇപ്പോൾ തന്നെ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോകാൻ ആൽവരസ് താല്പര്യപ്പെടുന്നുണ്ട്.
ഇത് മനസ്സിലാക്കിക്കൊണ്ട് താരത്തെ സ്വന്തമാക്കാൻ വേണ്ടി സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡ് രംഗത്ത് വന്നിരുന്നു. അവരുടെ അർജന്റൈൻ പരിശീലകനായ ഡിയഗോ സിമയോണിയാണ് ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. പക്ഷേ ആൽവരസിനെ കൊണ്ട് വരിക എന്നത് എളുപ്പമുള്ള കാര്യമല്ല.മാഞ്ചസ്റ്റർ സിറ്റി അദ്ദേഹത്തെ നിലനിർത്താൻ തന്നെയാണ് ഉദ്ദേശിക്കുന്നത്.
എന്നാൽ താരത്തെ കൺവിൻസ് ചെയ്യാൻ മറ്റൊരു മാർഗം അത്ലറ്റിക്കോ മാഡ്രിഡ് ഉപയോഗപ്പെടുത്തുന്നുണ്ട്. അതായത് അർജന്റൈൻ ദേശീയ ടീമിൽ കളിക്കുന്ന അത്ലറ്റിക്കോ താരങ്ങളാണ് ഡി പോൾ,നഹുവെൽ മോളീന,എയ്ഞ്ചൽ കൊറേയ എന്നിവർ. മൂന്ന് താരങ്ങളെയും അദ്ദേഹത്തെ കൺവിൻസ് ചെയ്യാൻ അത്ലറ്റിക്കോ മാഡ്രിഡ് ഏർപ്പെടുത്തി എന്നാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത്.നിലവിൽ എല്ലാവരും കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ്. താരത്തെ കൺവിൻസ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ ഈ താരങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. ഏതായാലും ആൽവരസിന്റെ തീരുമാനം അറിയാനാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്.