ആഴ്സണലും രംഗത്ത്, മുന്നിൽ നിൽക്കുന്നത് ആര്? ഹൂലിയന്റെ കാര്യത്തിലെ അപ്ഡേറ്റുകൾ ഇതാ!
മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസാണ് ഇപ്പോൾ ട്രാൻസ്ഫർ വിൻഡോയിൽ സജീവമായി നിലകൊള്ളുന്നത്. മാഞ്ചസ്റ്റർ സിറ്റി വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോകാൻ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. താരത്തെ കൈവിടാൻ സിറ്റിയുടെ പരിശീലകൻ പെപ്പിന് താല്പര്യമില്ലെങ്കിലും അദ്ദേഹവും ക്ലബ്ബും ഇപ്പോൾ കൈവിടാൻ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. ഇതുവരെ 3 ക്ലബ്ബുകളായിരുന്നു അദ്ദേഹത്തിന് വേണ്ടി രംഗത്ത് ഉണ്ടായിരുന്നത്.
അത്ലറ്റിക്കോ മാഡ്രിഡ്,പിഎസ്ജി, ചെൽസി എന്നീ ക്ലബ്ബുകളാണ് ഈ അർജന്റൈൻ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാൽ മറ്റൊരു ക്ലബ്ബ് കൂടി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.ആഴ്സണലിനും ഹൂലിയൻ ആൽവരസിൽ താല്പര്യമുണ്ട്. അവരും ഒരു കൈ ശ്രമിക്കും എന്നാണ് ESPN റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിന് പുറമേ പ്രമുഖ അർജന്റൈൻ മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡ്യൂൾ താരത്തിന്റെ കാര്യത്തിലെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.
മാഞ്ചസ്റ്റർ സിറ്റി ഒരു വലിയ തുക തന്നെ താരത്തിന് വേണ്ടി ആവശ്യപ്പെടും എന്നത് നേരത്തെ വ്യക്തമായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 90 മില്യൻ യൂറോയോളം ക്ലബ്ബുകൾക്ക് മുടക്കേണ്ടി വരും. നിലവിൽ അദ്ദേഹത്തിന് വേണ്ടി അത്ലറ്റിക്കോ മാഡ്രിഡ് സജീവമായി രംഗത്തുണ്ട്.60 മില്യൺ യൂറോയുടെ ഒരു ഓഫർ അവർ സിറ്റിക്ക് നൽകുകയും ചെയ്തിട്ടുണ്ട്. താരത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ അത്ലറ്റിക്കോ തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. കാരണം ഹൂലിയന്‍ അത്ലറ്റിക്കോയോട് ഒരല്പം താല്പര്യ കൂടുതലുണ്ട്.അർജന്റൈൻ പരിശീലകനായ ഡിയഗോ സിമയോണിയും അർജന്റൈൻ ദേശീയ ടീമിലെ തന്റെ മറ്റു സഹതാരങ്ങളുമാണ് ഇതിന് കാരണം.
എന്നാൽ പിഎസ്ജി ഒട്ടും പിറകിലല്ല. അവർ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു ഓഫർ നൽകിയിട്ടുണ്ട്.അത്ലറ്റിക്കോ വാഗ്ദാനം ചെയ്തതിനേക്കാൾ തുക പിഎസ്ജി വാഗ്ദാനം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ സിറ്റി ഒരുപക്ഷേ പിഎസ്ജിയുടെ ഓഫർ സ്വീകരിക്കാൻ സാധ്യതയുണ്ട്. അതേസമയം ഹൂലിയന്‍ അത്ലറ്റിക്കോയോടാണ് താല്പര്യം.ഇതാണ് നിലവിലെ അവസ്ഥകൾ. ചുരുക്കത്തിൽ ഈ രണ്ട് ക്ലബ്ബുകളിൽ ഏതെങ്കിലും ഒന്നിലേക്ക് ഹൂലിയൻ എത്താനുള്ള സാധ്യതകൾ ഏറെയാണ്.ചെൽസിയോ ആഴ്സണലോ ഇതുവരെ ഓഫറുകൾ ഒന്നും നൽകിയിട്ടുമില്ല.