ആരൊക്കെ പുറത്ത്? ആരൊക്കെ മടങ്ങിയെത്തും? അർജന്റീനയുടെ ടീം പ്രഖ്യാപനം ഉടൻ!

ഈ മാസം രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളാണ് ലോക ചാമ്പ്യന്മാരായ അർജന്റീന കളിക്കുക. നേരത്തെ ആഫ്രിക്കൻ കരുത്തരായ നൈജീരിയ,ഐവറി കോസ്റ്റ് എന്നിവരുമായായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്.എന്നാൽ ആ രണ്ട് ടീമുകളും പിൻവാങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എൽ സാൽവദോർ,കോസ്റ്റാറിക്ക എന്നിവർക്കെതിരെ കളിക്കാനാണ് അർജന്റീന തീരുമാനിച്ചിട്ടുള്ളത്.മാർച്ച് 22,26 തീയതികളിൽ അമേരിക്കയിൽ വച്ചുകൊണ്ടാണ് ഈ മത്സരങ്ങൾ നടക്കുക.

ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ അധികം വൈകാതെ തന്നെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി പ്രഖ്യാപിക്കും.3 മാസത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ അന്താരാഷ്ട്ര മത്സരങ്ങൾ വരുന്നത്. ചില താരങ്ങളെ പരിക്കു കാരണം അർജന്റീനക്ക് നഷ്ടമായപ്പോൾ ചില താരങ്ങൾ ടീമിലേക്ക് മടങ്ങിയെത്തുന്നുമുണ്ട്. നിലവിലെ അർജന്റീന ടീമിലെ സ്ഥിതിഗതികൾ നമുക്കൊന്നു നോക്കാം.

രണ്ട് താരങ്ങളെ പരിക്ക് കാരണം പരിശീലകന് നഷ്ടമായിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡറായ ലിസാൻഡ്രോ മാർട്ടിനസിന് വീണ്ടും ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തിന് ഈ മത്സരങ്ങൾ നഷ്ടമാകും. അതുപോലെതന്നെ പ്രതിരോധനിരയിലെ മറ്റൊരു താരമായ മാർക്കോസ് അക്യൂഞ്ഞക്കും പരിക്കാണ്.അദ്ദേഹത്തെയും അർജന്റീനക്ക് നഷ്ടമാകും.ഫകുണ്ടോ മെഡിന,നഹുവൻ പെരസ്,മാർക്കോസ് സെനസി എന്നിവരെയൊക്കെയാണ് പ്രതിരോധനിരയിലേക്ക് സ്കലോണി പരിഗണിക്കുന്നത്. അതേസമയം ജെറോണിമോ റുള്ളി ദീർഘകാലം പരിക്കിന്റെ പിടിയിലായിരുന്നു. പക്ഷേ അദ്ദേഹം ഇപ്പോൾ അതിൽ നിന്നും മുക്തനായിട്ടുണ്ട്. വരുന്ന മത്സരങ്ങൾക്ക് അദ്ദേഹം ഉണ്ടാകുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം കഴിഞ്ഞ ഡിസംബറിലായിരുന്നു ഗൈഡോ റോഡ്രഗാസിന് പരിക്കേറ്റത്. അദ്ദേഹത്തിന്റെ കാര്യത്തിൽ അർജന്റീന ആശങ്കയുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അത് നീങ്ങിയിട്ടുണ്ട്.കാരണം താരം പരിക്കിൽ നിന്ന് മുക്തനായിട്ടുണ്ട്. ഈ രണ്ടു താരങ്ങളും അർജന്റീന ടീമിൽ ഉണ്ടാകുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. അവസാനം കളിച്ച മത്സരത്തിൽ ബ്രസീലിനെ ആയിരുന്നു അർജന്റീന പരാജയപ്പെടുത്തിയിരുന്നത്. ആ വിജയം അർജന്റീന തുടരും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *