ആരുടെ ജേഴ്സിയാണ് പ്രിയപ്പെട്ടത്? ഡി പോൾ വെളിപ്പെടുത്തുന്നു!
അർജന്റീനയുടെയും അത്ലറ്റിക്കോ മാഡ്രിഡിന്റെയും വളരെ പ്രധാനപ്പെട്ട താരമാണ് റോഡ്രിഗോ ഡി പോൾ. അർജന്റീനയുടെ സമീപകാലത്തെ കുതിപ്പിൽ നിർണായക പങ്കു വഹിക്കാൻ ഡി പോളിന് സാധിച്ചിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ പല സൂപ്പർതാരങ്ങൾക്കെതിരെയും ഇദ്ദേഹം കളിച്ചിട്ടുണ്ട്.എംബപ്പേ,നെയ്മർ,ലൂക്ക മോഡ്രിച്ച്,ക്രിസ്റ്റ്യാനോ റൊണാൾഡോ, ടോണി ക്രൂസ് തുടങ്ങിയ താരങ്ങളെയൊക്കെ ഇദ്ദേഹം നേരിട്ടിട്ടുണ്ട്.അതേസമയം ലയണൽ മെസ്സി,അഗ്വേറോ,ഡി മരിയ തുടങ്ങിയ താരങ്ങൾക്കൊപ്പം കളിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
അതുകൊണ്ടുതന്നെ താരത്തിന്റെ ജേഴ്സി കളക്ഷനിൽ പല പ്രധാനപ്പെട്ട താരങ്ങളുടെയും ജേഴ്സിയുണ്ട്. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് ഡി പോൾ സംസാരിച്ചിട്ടുണ്ട്. ആരുടെ ജേഴ്സിയാണ് ഏറ്റവും പ്രിയപ്പെട്ടത് എന്നായിരുന്നു ഡി പോളിനോട് ചോദിക്കപ്പെട്ടിരുന്നത്. മൂന്ന് അർജന്റൈൻ ഇതിഹാസങ്ങളുടെ പേരാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ഡി പോളിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ജേഴ്‌സി കൈമാറ്റങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഒന്ന് മാക്സി റോഡ്രിഗസിന്റേത്.ന്യൂവെൽസിനെതിരെയുള്ള മത്സരത്തിലായിരുന്നു അത്. കൂടാതെ എസ്റ്റുഡിയന്റ്സിനെതിരെയുള്ള മത്സരത്തിൽ യുവാൻ സെബാസ്റ്റ്യൻ വെറോണിന്റെ ജേഴ്‌സി എനിക്ക് ലഭിച്ചിരുന്നു. കൂടാതെ ബൊക്ക ജൂനിയേഴ്സ്നെതിരെയുള്ള മത്സരത്തിൽ യുവാൻ റോമൻ റിക്വൽമിയുടെ ജേഴ്സിയും എനിക്ക് ലഭിച്ചിരുന്നു. ഇത് മൂന്നുമാണ് എനിക്ക് പ്രിയപ്പെട്ടത്. എന്റെ ഐഡോൾ റിക്വൽമിയാണ്. കുട്ടിക്കാലത്ത് അദ്ദേഹത്തെ കണ്ടാണ് ഞാൻ വളർന്നത് ” ഇതാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.
അർജന്റൈൻ ക്ലബ്ബായ റേസിങ്ങിലൂടെയായിരുന്നു ഡി പോൾ വളർന്ന് വന്നിരുന്നത്. അന്നാണ് ഈ അർജന്റൈൻ ഇതിഹാസങ്ങൾക്കെതിരെ താരം കളിച്ചിട്ടുള്ളത്. പിന്നീട് വലൻസിയ,ഉഡിനീസി,അത്ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളിലേക്ക് താരം എത്തുകയായിരുന്നു.