അർഹിച്ച വേൾഡ് കപ്പ് തന്നെയാണ് മെസ്സി നേടിയിട്ടുള്ളത് : വിവാദങ്ങളിൽ പ്രതികരിച്ച് എവ്ര.

നെതർലാന്റ്സിന്റെ മുൻ പരിശീലകനായിരുന്ന ലൂയി വാൻ ഗാൽ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവന വലിയ രൂപത്തിൽ വിവാദമായിരുന്നു. അതായത് ഖത്തർ വേൾഡ് കപ്പ് മുൻകൂട്ടി തീരുമാനിച്ചതായിരുന്നു എന്നാണ് ഇദ്ദേഹം ആരോപിച്ചത്. അധികൃതരുടെ സഹായത്തോടുകൂടിയാണ് ലയണൽ മെസ്സിയും അർജന്റീനയും കിരീടം നേടിയത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം.എന്നാൽ വാൻ ഡൈക്ക് ഉൾപ്പെടെയുള്ള നെതർലാന്റ്സ് താരങ്ങൾ ഇതിനെ തള്ളിക്കളഞ്ഞിരുന്നു.

ഇപ്പോഴിതാ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ പാട്രിസ് എവ്ര ഈ വിഷയത്തിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.അതായത് അർഹിച്ച വേൾഡ് കപ്പ് കിരീടമാണ് ലയണൽ മെസ്സി നേടിയിട്ടുള്ളത് എന്നാണ് എവ്ര പറഞ്ഞിട്ടുള്ളത്. വേൾഡ് കപ്പിൽ പെനാൽറ്റി ഗോളാക്കി മാറ്റുക എന്നത് എളുപ്പമല്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.എവ്രയുടെ വാക്കുകൾ ഇങ്ങനെയാണ്.

” 2022 വേൾഡ് കപ്പിൽ അർജന്റീനയെ മുന്നോട്ടുകൊണ്ടുപോയത് ലയണൽ മെസ്സിയാണ്. പലരും പറയുന്നത് ഒരുപാട് പെനാൽറ്റി ഗോളുകൾ മെസ്സിയെ സഹായിച്ചു എന്നാണ്.പക്ഷേ വേൾഡ് കപ്പിൽ പെനാൽറ്റി ഗോളാക്കുക എന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. കാരണം അത്രയും സമ്മർദ്ദം നമുക്കുണ്ടാകും. ലോകം മുഴുവനും നമ്മെയായിരിക്കും നോക്കിക്കൊണ്ടിരിക്കുന്നത്. ഒരു പെനാൽറ്റി എങ്ങാനും പാഴാക്കിയാൽ അവർ ഒരിക്കലും പൊറുക്കില്ല. ടൂർണമെന്റിലെ മികച്ച താരം മെസ്സിയായിരുന്നു. അദ്ദേഹം അർഹിച്ച വേൾഡ് കപ്പ് തന്നെയാണ് നേടിയിട്ടുള്ളത് ” ഇതാണ് എവ്ര പറഞ്ഞിട്ടുള്ളത്.

ക്വാർട്ടർ ഫൈനലിൽ നെതർലാന്റ്സിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന മുന്നോട്ടു പോയിരുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു അർജന്റീനയുടെ വിജയം. ആ മത്സരത്തിൽ നിരവധി വിവാദ സംഭവങ്ങൾ ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് വാൻ ഗാൽ ഇത്തരത്തിലുള്ള ഒരു പ്രസ്താവന നടത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *