അർജന്റൈൻ സൂപ്പർ താരത്തിന് പരിക്ക്, കോപ്പ അമേരിക്ക നഷ്ടമായേക്കും!

ബയേർ ലെവർകൂസനിന്റെ അർജന്റൈൻ സ്‌ട്രൈക്കർ ലുകാസ് അലാരിയോക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ക്ലബായ ബയേർ പരിക്ക് സ്ഥിരീകരിച്ചത്.താരത്തിന്റെ വലതു കാലിന് പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. തുടർന്ന് ആറ് മുതൽ എട്ട് ആഴ്ച്ചകൾ വരെ താരം പുറത്തിരിക്കേണ്ടി വരുമെന്ന് ബയേർ ലെവർകൂസൻ തന്നെ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഈ സീസൺ താരത്തിന് നഷ്ടമാവുമെന്നുറപ്പായി. മാത്രമല്ല കോപ്പ അമേരിക്കയും നഷ്ടമായേക്കും എന്നാണ് റിപ്പോർട്ടുകൾ. അർജന്റൈൻ മാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

കോപ്പ അമേരിക്കക്കുള്ള 50 അംഗ പ്രാഥമിക ലിസ്റ്റിൽ സ്ട്രൈക്കറായ അലാരിയോയെ പരിശീലകൻ ലയണൽ സ്കലോണി ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബയേർ പരിക്ക് സ്ഥിരീകരിച്ചത്.ഇതോടെ താരത്തിന് പകരമായി മറ്റു താരങ്ങളെ സ്കലോണി പരിഗണിച്ചേക്കും.ജൂൺ 13 മുതൽ ജൂലൈ 10 വരെയാണ് കോപ്പ നടക്കുന്നത്. താരത്തിന് തുടക്കം നഷ്ടമാവുമെന്നുറപ്പാണ്. അർജന്റീന കൂടി ഇത്തവണത്തെ കോപ്പക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്.അലാരിയോയെ കൂടാതെ ലയണൽ മെസ്സി,ജോക്കിൻ കൊറേയ,പൌലോ ഡിബാല, അഡോൾഫോ ഗൈച്ച്,മറ്റിയാസ് സുവാരസ്,ലൗറ്ററോ മാർട്ടിനെസ്, സെർജിയോ അഗ്വേറൊ, ഡി മരിയ,ജിയോവാനി സിമയോണി, മൗറോ ഇകാർഡി എന്നിവരാണ് സ്ട്രൈക്കർമാരായി പ്രാഥമിക പട്ടികയിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *