അർജന്റൈൻ പരിശീലകൻ മടങ്ങി,മെസ്സിയും ടിറ്റെയും ഒരുമിക്കുമോ?

സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ താല്പര്യം പ്രകടിപ്പിച്ച ക്ലബ്ബുകളിൽ ഒന്ന് സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാലാണ്. മാത്രമല്ല അവർ മെസ്സിക്ക് ഒരു ഭീമൻ ഓഫർ നൽകിയിട്ടുമുണ്ട്. 400 മില്യൺ യൂറോയുടെ ഒരു ഓഫറാണ് മെസ്സി ഈ ക്ലബ്ബിൽ നിന്നും ലഭിച്ചിട്ടുള്ളത്.പക്ഷേ ഇതുവരെ ഈ ഓഫർ പരിഗണിച്ചിട്ടില്ല.

അൽ ഹിലാലിന്റെ പരിശീലകനായ റാമോൻ ഡയസ് അർജന്റീനക്കാരനാണ്. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ കുടുംബത്തിൽ പെട്ടവർ ഒരു ആക്സിഡന്റിൽ അകപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ക്ലബ്ബിന്റെ അനുമതിയോടുകൂടി ഡയസ് നാട്ടിലേക്ക് മടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ മകനായ എമിലിയാനോയാണ് ഈ സീസണിലെ ബാക്കിയുള്ള മത്സരങ്ങളിൽ അൽ ഹിലാലിനെ പരിശീലിപ്പിക്കുക. മാത്രമല്ല ഡയസിന്റെ ക്ലബ്ബമായുള്ള കോൺട്രാക്ട് ഈ സീസണോടുകൂടി അവസാനിക്കുകയും ചെയ്യും.

2022 ഫെബ്രുവരിയിലായിരുന്നു ഡയസ് അൽ ഹിലാലിന്റെ പരിശീലകനായി എത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ഇപ്പോൾ അൽ ഹിലാൽ താല്പര്യപ്പെടുന്നില്ല. മറിച്ച് ബ്രസീലിയൻ പരിശീലകനായ ടിറ്റെയെ കൊണ്ടുവരാനാണ് ഇവർ ഉദ്ദേശിക്കുന്നത്.ടിറ്റെയെ ഇതിനുവേണ്ടി അൽ ഹിലാൽ അധികൃതർ സമീപിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് വേൾഡ് കപ്പുകളിൽ ബ്രസീലിനെ പരിശീലിപ്പിച്ച ടിറ്റെ നിലവിൽ ഫ്രീ ഏജന്റ് ആണ്.അൽ ഹിലാലിന്റെ ക്ഷണം അദ്ദേഹം സ്വീകരിക്കുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

നിലവിൽ ലയണൽ മെസ്സി അൽ ഹിലാലിന്റെ ഓഫറുകൾ സ്വീകരിക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്. യൂറോപ്പിൽ തന്നെ തുടരാനാണ് മെസ്സി ആഗ്രഹിക്കുന്നത്. ബാഴ്സയിലേക്ക് തന്നെ മടങ്ങുക എന്നതാണ് മെസ്സിയുടെ സ്വപ്നം. പക്ഷേ അതിന് സാധ്യമായിട്ടില്ലെങ്കിൽ അൽ ഹിലാലിന്റേത് ഉൾപ്പെടെയുള്ള ഓഫറുകൾ മെസ്സി പരിഗണിക്കാനുള്ള സാധ്യതകളെയും തള്ളിക്കളയാനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *