അർജന്റൈൻ താരങ്ങൾക്കെതിരെ അന്വേഷണം ആരംഭിച്ച് ബ്രസീൽ പോലീസ്!

ബ്രസീലും അർജന്റീനയും തമ്മിൽ നടക്കേണ്ടിയിരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരം മിനുട്ടുകൾക്കകം തന്നെ തടസ്സപ്പെട്ടിരുന്നു. അർജന്റൈൻ താരങ്ങളായ എമിലിയാനോ മാർട്ടിനെസ്, എമിലിയാനോ ബൂണ്ടിയ, ലോ സെൽസോ, ക്രിസ്റ്റ്യൻ റൊമേറോ എന്നിവർ ക്വാറന്റയിൻ നിയമങ്ങൾ ലംഘിച്ചു എന്ന കാരണത്താലാണ് ബ്രസീലിയൻ ഹെൽത്ത് അതോറിറ്റി മത്സരം തടസ്സപ്പെടുത്തിയത്. വലിയ രൂപത്തിലുള്ള വിവാദങ്ങളാണ് ഇത്‌ ഫുട്ബോൾ ലോകത്ത് സൃഷ്ടിച്ചിരുന്നത്.

അതേസമയം ഈ നാല് താരങ്ങൾക്കെതിരെ ബ്രസീലിയൻ ഫെഡറൽ പോലീസ് അന്വേഷണം ആരംഭിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.ഹെൽത്ത് അതോറിറ്റികൾക്ക്‌ തെറ്റായ വിവരം നൽകി ക്വാറന്റയിൻ നിയമങ്ങൾ ലംഘിച്ചു എന്നതിനാലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് ഈ നാല് താരങ്ങൾ ഹെൽത്ത് അതോറിറ്റിക്ക്‌ നൽകിയ വിവരം തങ്ങൾ വെനിസ്വേലയിൽ നിന്നാണ് വരുന്നത് എന്ന് മാത്രമാണ്. കഴിഞ്ഞ 14 ദിവസത്തിനിടെ ഇവർ ഇംഗ്ലണ്ടിൽ ഉണ്ടായിരുന്ന കാര്യം ഈ താരങ്ങൾ ഹെൽത്ത് അതോറിറ്റികളിൽ നിന്ന് മറച്ചു വെച്ചതായാണ് ഹെൽത്ത് അതോറിറ്റിയുടെ വാദം.കൂടാതെ ഇവർ ക്വാറന്റയിൻ പാലിക്കുകയും ചെയ്തില്ല. ഇതിനെ തുടർന്നാണ് ഇപ്പോൾ ബ്രസീൽ ഫെഡറൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഈ നാല് താരങ്ങൾ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ പരമാവധി അഞ്ച് വർഷത്തെ തടവും പിഴയുമാണ് ലഭിക്കാവുന്ന ശിക്ഷ.അതേസമയം അർജന്റൈൻ താരങ്ങൾ എല്ലാവരും തന്നെ തങ്ങളുടെ രാജ്യത്തേക്ക് മടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *