അർജന്റീന തോറ്റു, പിന്നാലെ ബ്രസീലിനും തോൽവി!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ലോക ജേതാക്കളായ അർജന്റീനക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവരെ കൊളംബിയ പരാജയപ്പെടുത്തിയത്.കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലെ തോൽവിക്ക് കൊളംബിയ പ്രതികാരം തീർക്കുകയായിരുന്നു.കൊളംബിയയുടെ മൈതാനത്ത് വച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.
മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനിറ്റിൽ മൊസ്ക്കേരയാണ് കൊളംബിയക്ക് വേണ്ടി ലീഡ് സ്വന്തമാക്കിയത്.ഹാമിഷിന്റെ അസിസ്റ്റിൽ നിന്നും ഹെഡറിലൂടെയാണ് അദ്ദേഹം ഗോൾ നേടിയത്. എന്നാൽ 48ആം മിനുട്ടിൽ നിക്കോ ഗോൺസാലസ് അർജന്റീനക്ക് വേണ്ടി തിരിച്ചടിക്കുകയായിരുന്നു.മികച്ച ഒരു ഗോൾ തന്നെയാണ് താരം നേടിയത്. പക്ഷേ അറുപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് ഹാമിഷ് കൊളംബിയക്ക് വിജയം സമ്മാനിക്കുകയായിരുന്നു.പെനാൽറ്റിയുടെ കാര്യത്തിൽ ഇപ്പോഴും വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്.
അതേസമയം ഇന്ന് നടന്ന മറ്റൊരു വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലും പരാജയം രുചിച്ചിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിനെ പരാഗ്വ പരാജയപ്പെടുത്തിയത്.ഡിയഗോ ഗോമസ് നേടിയ ഗോൾ ആണ് അവർക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ആധിപത്യം പുലർത്തിയത് ബ്രസീൽ തന്നെയാണെങ്കിലും ഗോളുകൾ നേടാൻ അവർക്ക് സാധിക്കാതെ വരികയായിരുന്നു. അതേസമയം മികച്ച പ്രകടനം മത്സരത്തിൽ പരാഗ്വയും പുറത്തെടുത്തിട്ടുണ്ട്.
നിലവിൽ പോയിന്റ് പട്ടികയിൽ അർജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത്.അതേസമയം ബ്രസീൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. കൊളംബിയ രണ്ടാമതും ഉറുഗ്വ മൂന്നാമതും ആണ് വരുന്നത്.