അർജന്റീന താരങ്ങൾ ബൊളീവിയയിൽ എത്തിയത് ഓക്സിജൻ ട്യൂബുമായി.

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇക്വഡോറിനെ പരാജയപ്പെടുത്താൻ ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീനയുടെ വിജയം. ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്. ഇനി അടുത്ത മത്സരത്തിൽ ബൊളീവിയയാണ് അർജന്റീനയുടെ എതിരാളികൾ. ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം അരങ്ങേറുക.

ബൊളീവിയയിലെ ലാ പാസ് മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 3650 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയമാണ് ലാ പാസ്. അവിടെ കളിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ച് ശ്വാസമെടുക്കാൻ തടസ്സങ്ങൾ അവിടെ അനുഭവപ്പെടാറുണ്ട്. ഒരു തവണ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് അർജന്റീന ഈ മൈതാനത്ത് വെച്ച് ബൊളീവിയയോട് പരാജയപ്പെട്ടിട്ടുണ്ട്. പലപ്പോഴും ലാ പാസിൽ ബൊളീവിയ എതിരാളികൾക്കുമേൽ ആധിപത്യം പുലർത്താറുണ്ട്.

ഏതായാലും കഴിഞ്ഞ ദിവസം അർജന്റൈൻ ടീം ബൊളീവിയയിൽ എത്തിയിട്ടുണ്ട്.രാത്രി 9 മണിക്കാണ് ടീം അവിടെ എത്തിച്ചേർന്നിട്ടുള്ളത്.നിരവധി ആരാധകർ മെസ്സിയെയും സംഘത്തെയും കാണാൻ വേണ്ടി എയർപോർട്ടിൽ എത്തിയിരുന്നു.ഇതിനിടെ മറ്റൊരു കാര്യം കൂടി മാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്.അർജന്റൈൻ താരങ്ങൾ എത്തിയിട്ടുള്ളത് ഓരോ ഓക്സിജൻ ട്യൂബുമായാണ്. ഓരോ താരങ്ങൾക്കും പ്രത്യേകമായി ഓക്സിജൻ ട്യൂബുകളുണ്ട്.ക്രിസ്റ്റ്യൻ റൊമേറോ ഓക്സിജൻ ട്യൂബ്മായി പ്രത്യക്ഷപ്പെട്ടത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ ഓക്സിജൻ ട്യൂബുകൾ താരങ്ങൾക്ക് സഹായകരമാകും. ഏതായാലും ലാ പാസിൽ അവസാനമായി കളിച്ച സമയത്ത് വിജയിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു സ്കലോണിയുടെ അർജന്റീന ബൊളീവിയയെ പരാജയപ്പെടുത്തിയിരുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനോട് ഒരു വലിയ തോൽവി ഏറ്റുവാങ്ങി കൊണ്ടാണ് ബൊളീവിയ ഈ മത്സരത്തിനു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *