അർജന്റീന തയ്യാറെടുപ്പ് തുടങ്ങി, രണ്ട് താരങ്ങളുടെ കാര്യത്തിൽ ആശ്വാസം!
കോപ്പ അമേരിക്ക സെമി ഫൈനൽ പോരാട്ടത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് നിലവിലെ ജേതാക്കളായ അർജന്റീന ഉള്ളത്.ഇക്വഡോറിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന സെമിയിൽ എത്തിയത്. അതേസമയം വെനിസ്വേലയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിക്കൊണ്ട് വരുന്ന കാനഡയാണ് സെമി ഫൈനലിൽ അർജന്റീനയുടെ എതിരാളികൾ. വരുന്ന ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം അരങ്ങേറുക.
ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിനു വേണ്ടി അർജന്റീന ഇതിനോടകം തന്നെ ന്യൂ ജേഴ്സിയിൽ എത്തിച്ചേർന്നിട്ടുണ്ട്.തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.2 താരങ്ങളുടെ കാര്യത്തിലുള്ള ആശ്വാസവാർത്ത പ്രമുഖ അർജന്റൈൻ പത്രപ്രവർത്തകനായ ഗാസ്റ്റൻ എഡ്യൂൾ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്.
പ്രതിരോധനിരതാരം മാർക്കോസ് അക്യൂഞ്ഞ സെമി ഫൈനലിൽ ഉണ്ടാകും. അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയുമെന്ന് എഡ്യൂൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ലിസാൻഡ്രോ മാർട്ടിനസും ഓക്കെയാണ്. അദ്ദേഹത്തിന് മത്സരത്തിൽ സ്റ്റാർട്ട് ചെയ്യാൻ സാധിക്കും എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ മാറ്റങ്ങൾ ഉണ്ടാകുമെന്നും ഇദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുന്നേറ്റ നിരയിലും മധ്യനിരയിലുമാണ് മാറ്റങ്ങൾ സംഭവിക്കുക എന്നാണ് സൂചനകൾ.
കഴിഞ്ഞ മത്സരത്തിൽ പ്രതീക്ഷിച്ച പോലെയുള്ള പ്രകടനം പുറത്തെടുക്കാൻ അർജന്റീനക്ക് സാധിച്ചിട്ടില്ല. ഇക്കാര്യം പരിശീലകനായ ലയണൽ സ്‌കലോണി മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞ മത്സരത്തിൽ മോശം പ്രകടനം പുറത്തെടുത്ത ചില താരങ്ങൾക്ക് പുറത്തിരിക്കേണ്ടിവരും. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ടീമാണ് കാനഡ. അതുകൊണ്ടുതന്നെ അവർക്ക് സമ്മർദ്ദങ്ങൾ ഇല്ലാതെ കളിക്കാൻ സാധിക്കും.