അർജന്റീന ടീമിൽ ഇടം ലഭിക്കാത്തതിനോട് പ്രതികരിച്ച് എയ്ഞ്ചൽ കൊറേയ.

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള അർജന്റീനയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിന്റെ മുന്നേറ്റ നിര താരമായ എയ്ഞ്ചൽ കൊറേയക്ക് ടീമിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. ഏറ്റവും അവസാനത്തിൽ സ്കലോനി ഒഴിവാക്കിയ താരമാണ് എയ്ഞ്ചൽ കൊറേയ.ജോക്കിൻ കൊറേയ,യുവാൻ ഫോയ്ത്ത് എന്നിവർക്കാണ് പരിശീലകനായ ലയണൽ സ്കലോണി മുൻഗണന നൽകിയത്.

ഏതായാലും നാഷണൽ ടീമിൽ ഇടം ലഭിക്കാത്തതിനോട് ഇപ്പോൾ എയ്ഞ്ചൽ കൊറേയാ തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്.തനിക്ക് ഇത് വലിയൊരു തിരിച്ചടിയാണ് ഏൽപ്പിച്ചത് എന്നാണ് കൊറേയ പറഞ്ഞത്. എന്നാൽ വേൾഡ് കപ്പിൽ അവസാന നിമിഷം വരെ അർജന്റീനക്ക് വേണ്ടി ആർപ്പുവിളിക്കാൻ താൻ ഉണ്ടാകുമെന്നും കൊറേയ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വേൾഡ് കപ്പിൽ പങ്കെടുക്കാൻ കഴിയില്ല എന്നുള്ളത് വളരെയധികം ദുഃഖം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയ തിരിച്ചടി തന്നെയാണ്.പക്ഷേ ഞാൻ കോച്ചിംഗ് സ്റ്റാഫിനും എല്ലാ താരങ്ങൾക്കും ആശംസകൾ നേരുന്നു. തങ്ങളുടെ രാജ്യത്തിന് വേണ്ടി അവർ എല്ലാവരും തങ്ങളുടെ ജീവൻ തന്നെ സമർപ്പിക്കും എന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നുമില്ല. അർജന്റീനക്ക് വേണ്ടി ഓരോ മത്സരത്തിന്റെ അവസാനം വരെയും ആർപ്പുവിളിക്കാൻ ഞാൻ ഉണ്ടാവും ” ഇതാണ് എയ്ഞ്ചൽ കൊറേയ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ അത്ര മികവിലേക്ക് ഉയരാൻ കൊറേയക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.അത്ലറ്റിക്കോക്ക് വേണ്ടി ലാലിഗയിൽ ആകെ കളിച്ച 14 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളാണ് താരം നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *