അർജന്റീന ആരെക്കാളും താഴെയല്ല, പക്ഷേ വേൾഡ് കപ്പിനെ ബഹുമാനിക്കണം: മുൻ ഗോൾകീപ്പർ!

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ അർജന്റീനയുടെ ദേശീയ ടീമുള്ളത്.ഇത്തവണ അർജന്റീനക്ക് വലിയ കിരീട സാധ്യത പലരും കൽപ്പിക്കപ്പെടുന്നുണ്ട്. അത്രയേറെ മികച്ച പ്രകടനമാണ് സമീപകാലത്ത് അർജന്റീന പുറത്തെടുക്കുന്നത്. വേൾഡ് കപ്പിന് മുന്നേ UAE ക്കെതിരെ അർജന്റീന ഒരു സൗഹൃദ മത്സരം കളിക്കുന്നുമുണ്ട്.

ഏതായാലും മുൻ അർജന്റൈൻ ഗോൾ കീപ്പറായ റോബെർട്ടോ അബൻഡൻസിയേരി അർജന്റീനയെ കുറിച്ച് ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. വേൾഡ് കപ്പിലുള്ള ആരെക്കാളും താഴെയല്ല അർജന്റീന എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. എന്നാൽ കോപ്പ അമേരിക്ക പോലെയല്ല വേൾഡ് കപ്പെന്നും അതിനെ നിങ്ങൾ ബഹുമാനിക്കേണ്ടതുണ്ടെന്നും റോബെർട്ടോ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നമ്മൾ തീർച്ചയായും വേൾഡ് കപ്പിനെ ബഹുമാനിക്കേണ്ടതുണ്ട്. നമുക്ക് ഒരു മികച്ച ടീമുണ്ട്, ഒരു മികച്ച സ്‌ക്വാഡുമുണ്ട്. പക്ഷേ വേൾഡ് കപ്പ് കോപ്പ അമേരിക്കയല്ല എന്നുള്ള ഓർമ്മ നമുക്ക് വേണം.വേൾഡ് കപ്പിൽ മാനസികമായ കരുത്ത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അർജന്റീന ടീം നിലവിൽ ആരെക്കാളും താഴെയല്ല.പക്ഷേ മറ്റുള്ള ടീമുകളും ശക്തരാണ് എന്നുള്ളത് ശ്രദ്ധിക്കണം.ഡെന്മാർക്കിന്റെ കാര്യത്തിൽ അർജന്റീന വളരെയധികം ജാഗ്രത പുലർത്തണം.കാരണം അവർ വളരെ കരുത്തരായ ടീമാണ്.വളരെ മികച്ച രൂപത്തിലാണ് അവർ മുന്നോട്ടുപോകുന്നത്. മാത്രമല്ല ഞാൻ ബ്രസീലിനെയും ബഹുമാനിക്കുന്നു ” ഇതാണ് റോബർട്ടോ പറഞ്ഞിട്ടുള്ളത്.

ഗ്രൂപ്പ് സിയിൽ അർജന്റീന ഒന്നാം സ്ഥാനത്ത് എത്തുകയും തൊട്ടടുത്ത ഗ്രൂപ്പിൽ ഡെന്മാർക്ക് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ആണെങ്കിൽ പ്രീ ക്വാർട്ടറിൽ ഡെന്മാർക്കും അർജന്റീനയും തമ്മിലാണ് ഏറ്റുമുട്ടുക. ഇതുകൊണ്ടാണ് റോബർട്ടോ ഡെന്മാർക്കിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *