അർജന്റീന അടുത്ത മാസം സൗഹൃദമത്സരം കളിക്കുന്നത് ഈ ടീമുകൾക്കെതിരെ!
കഴിഞ്ഞ സെപ്റ്റംബർ മാസത്തിലായിരുന്നു അർജന്റീനയും ബ്രസീലും തമ്മിൽ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഏറ്റുമുട്ടിയിരുന്നത്. എന്നാൽ ആ മത്സരം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഈ വരുന്ന സെപ്റ്റംബർ മാസത്തിൽ അത് നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും അർജന്റീനയുടെയും ബ്രസീലിന്റെയും അഭ്യർത്ഥനപ്രകാരം ഫിഫ ആ മത്സരം ഉപേക്ഷിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ അടുത്തമാസം രണ്ട് സൗഹൃദമത്സരങ്ങൾ കളിക്കാൻ ലയണൽ സ്‌കലോണിയുടെ അർജന്റീന തീരുമാനിച്ചിട്ടുണ്ട്.അമേരിക്കയിൽ വെച്ചായിരിക്കും ഈ മത്സരങ്ങൾ കളിക്കുക.ഹോണ്ടുറാസ്,ജമൈക്ക എന്നിവരായിരിക്കും അർജന്റീനയുടെ എതിരാളികൾ.ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പക്ഷേ പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സാണ് ഈ സാധ്യതകൾ ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്.
La Selección Argentina avanza para cerrar dos amistosos en septiembre 💥
— TyC Sports (@TyCSports) August 18, 2022
Está avanzada la gestión para que la Albiceleste juegue contra Honduras y Jamaica en Estados Unidos, en la previa del Mundial Qatar 2022.https://t.co/ZZb9cRj1Yz
ഹോണ്ടുറാസിനെതിരെയുള്ള മത്സരം മിയാമിയിൽ വെച്ചാണ് അർജന്റീന കളിക്കുക. സെപ്റ്റംബർ ഇരുപതാം തീയതിക്കും 23 ആം തീയതിക്കും ഇടയിലുള്ള ഒരു ദിവസത്തിലായിരിക്കും മത്സരം കളിക്കുക. അതേസമയം ജമൈക്കക്കെതിരെയുള്ള മത്സരം ന്യൂയോർക്കിൽ വച്ചാണ് സംഘടിപ്പിക്കപ്പെടുക.25,26,27 തീയതികളിൽ ഏതെങ്കിലും ഒരു ദിവസത്തിലായിരിക്കും മത്സരം നടക്കുക.
നവംബർ ഇരുപതാം തീയതിയാണ് ഖത്തർ വേൾഡ് കപ്പിന് തുടക്കമാവുക.അതിനു മുന്നേ ഒരു മത്സരം കൂടി അർജന്റീന കളിക്കുന്നുണ്ട്. നവംബർ പതിനാറാം തീയതി അബുദാബിയിൽ വെച്ച് UAE ക്കെതിരെയായിരിക്കും ഈ മത്സരം അർജന്റീന കളിക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. ഏതായാലും വരുന്ന സൗഹൃദ മത്സരങ്ങളിൽ ഖത്തർ വേൾഡ് കപ്പിനുള്ള പുതിയ ജേഴ്സി അണിഞ്ഞു കൊണ്ടായിരിക്കും അർജന്റീന കളിക്കുക. തങ്ങളുടെ അപരാജിത കുതിപ്പ് തുടരാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് അർജന്റൈൻ ടീമുള്ളത്.