അർജന്റീനയോട് സൗഹൃദ മത്സരം കളിക്കാൻ ഇംഗ്ലണ്ട്, വലിയ ഇടവേളക്ക് ശേഷം അത് സംഭവിക്കുമോ?

ലോക ചാമ്പ്യന്മാരായ അർജന്റീന വേൾഡ് കപ്പിന് ശേഷവും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്.വേൾഡ് കപ്പിന് ശേഷം കളിച്ച എല്ലാ സൗഹൃദമത്സരങ്ങളിലും അർജന്റീന വിജയിച്ചിട്ടുണ്ട്. ഈ നാല് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ പോലും അർജന്റീന വഴങ്ങിയിട്ടില്ല.നിരവധി രാജ്യങ്ങളാണ് ഇപ്പോൾ അർജന്റീനയോട് സൗഹൃദ മത്സരം കളിക്കാൻ ആഗ്രഹിക്കുന്നത്.

അക്കൂട്ടത്തിൽ യൂറോപ്പ്യൻ വമ്പൻമാരായ ഇംഗ്ലണ്ടുമുണ്ട്.വെമ്ബ്ലിയിൽ വെച്ചു കൊണ്ട് അർജന്റീനക്കെതിരെ സൗഹൃദ മത്സരം കളിക്കാൻ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനു താല്പര്യമുണ്ട്. മാത്രമല്ല അവർ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഇക്കാര്യം സംസാരിച്ചിട്ടുമുണ്ട്. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവായ മാർക്ക് ബുല്ലിങ്‌ഹാമാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതിനു ശേഷം ഒരു സൗഹൃദ മത്സരം കളിക്കാൻ വേണ്ടി അർജന്റീന ആവശ്യപ്പെടുന്നത് 5 മില്യൻ ഡോളറാണ്. എന്നാൽ പണം തങ്ങൾക്ക് ഒരു തടസ്സമല്ല എന്നുള്ളത് ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. പക്ഷേ ഈ സൗഹൃദ മത്സരം എപ്പോൾ കളിക്കും എന്നുള്ളതിലാണ് പ്രശ്നങ്ങളുള്ളത്.കോൺമെബോളിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ അടുത്ത മാസം ആരംഭിക്കുന്നതിനാൽ തിരക്കേറിയ ഷെഡ്യൂളുകളാണ് അർജന്റീനക്കുള്ളത്. ചർച്ചകൾ നടത്തി എന്നല്ലാതെ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് തന്നെ അറിയിച്ചിട്ടുണ്ട്.

2005 നവംബർ മാസത്തിലാണ് അർജന്റീനയും ഇംഗ്ലണ്ടും അവസാനമായി ഏറ്റുമുട്ടിയത്.സ്വിറ്റ്സർലാന്റിൽ വെച്ച് നടന്ന ആ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. അതേസമയം വെമ്പ്ളിയിൽ വെച്ച് അവസാനമായി അർജന്റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയത് 2000 ഫെബ്രുവരി മാസത്തിലാണ്. അർജന്റീന അവസാനമായി ഇംഗ്ലണ്ടിനെതിരെ ഒരു ഹോം മത്സരം കളിച്ചത് 1977 ലാണ്. ഏതായാലും അർജന്റീനയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടിയാൽ അത് വലിയ ഒരു ഇടവേളക്ക് ശേഷമായിരിക്കും സംഭവിക്കുന്നത്. മാത്രമല്ല സൂപ്പർ താരം ലയണൽ മെസ്സി ഇതുവരെ ഇംഗ്ലണ്ടിനെതിരെ കളിച്ചിട്ടുമില്ല.അതും പുതിയ ഒരു അനുഭവമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *