അർജന്റീനയോടൊപ്പം 80 മത്സരങ്ങൾ പൂർത്തിയാക്കി, ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സ്‌കലോണി!

നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ബൊളീവിയയാണ് അർജന്റീനയുടെ എതിരാളികൾ. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30ന് അർജന്റീനയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.അവസാനത്തെ രണ്ട് മത്സരങ്ങളിൽ വിജയങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് അർജന്റീനക്ക് ഒരല്പം ക്ഷീണം ചെയ്യുന്ന കാര്യമാണ്. അതേസമയം കരുത്തരായ കൊളംബിയയെ അട്ടിമറിച്ചു കൊണ്ടാണ് ബൊളീവിയ ഈ മത്സരത്തിന് വരുന്നത്.

അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി ദേശീയ ടീമിനോടൊപ്പം 80 മത്സരങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. 2018 ഓഗസ്റ്റ് രണ്ടാം തീയതിയായിരുന്നു സ്‌കലോണി അർജന്റീനയുടെ പരിശീലകനായി കൊണ്ട് ചുമതലയേറ്റത്. 80 മത്സരങ്ങളിൽ 60 മത്സരങ്ങളിലാണ് അർജന്റീന വിജയിച്ചിട്ടുള്ളത്. 13 മത്സരങ്ങളിൽ സമനില വഴങ്ങിയപ്പോൾ 7 തോൽവികളും വഴങ്ങേണ്ടി വന്നു.നിരവധി കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ഏതായാലും അർജന്റീനക്കൊപ്പം 80 മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കാൻ കഴിയുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നും സ്‌കലോണി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ 80 മത്സരങ്ങൾ പൂർത്തിയാക്കി എന്ന കണക്ക് വായിച്ചിരുന്നു.തീർച്ചയായും ഇതൊരു മികച്ച കണക്ക് തന്നെയാണ്.ഒരു വലിയ പൊസിഷനിലാണ് ഞാൻ ഇരിക്കുന്നത്. ഇത്രയും കാലം ഇവിടെ ഇരിക്കാൻ കഴിഞ്ഞതിലും നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞതിലും എനിക്ക് ഒരുപാട് അഭിമാനം ഉണ്ട്. മോശം സമയത്തെയും നല്ല സമയത്തെയും ഞങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നു. 2018 സ്ഥാനം ഏറ്റെടുക്കുമ്പോൾ ഈയൊരു നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഈ ടീമിനെ ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറ്റിയെടുക്കാൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനം ഉണ്ട് “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ പോയിന്റ് പട്ടികയിൽ അർജന്റീന ഒന്നാം സ്ഥാനത്ത് തന്നെയാണ് ഉള്ളത്. നാളത്തെ മത്സരത്തിൽ അർജന്റീന വിജയവഴിയിലേക്ക് തിരികെ എത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ലയണൽ മെസ്സി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട താരങ്ങൾ നാളത്തെ മത്സരത്തിൽ സ്റ്റാർട്ട് ചെയ്തേക്കും.

Leave a Reply

Your email address will not be published. Required fields are marked *