അർജന്റീനയെ പരിഹസിച്ച് കിമ്പമ്പേ,വിവാദ ചിത്രം പങ്കുവെച്ച് മറ്റൊരു ഫ്രഞ്ച് താരം!
ഇന്നലെ ഒളിമ്പിക്സിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ അർജന്റീനക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് അവരെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ മറ്റേറ്റ നേടിയ ഗോളാണ് ഫ്രാൻസിന് വിജയം സമ്മാനിച്ചത്. ഇതോടുകൂടി അർജന്റീന ഒളിമ്പിക്സിൽ നിന്നും പുറത്തായിട്ടുണ്ട്. അതേസമയം ഫ്രാൻസ് സെമി ഫൈനൽ പോരാട്ടത്തിൽ ഈജിപ്തിനെയാണ് നേരിടുക.
നിരവധി വിവാദ സംഭവങ്ങൾ ഈ മത്സരത്തിൽ ഉണ്ടായിരുന്നു. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ അർജന്റീന താരങ്ങളും ഫ്രഞ്ച് താരങ്ങളും പരസ്പരം ഏറ്റുമുട്ടിയിരുന്നു. തുടർന്ന് ഫ്രഞ്ച് താരമായ മില്ലറ്റിന് റെഡ് കാർഡ് ലഭിക്കുകയും ചെയ്തിരുന്നു. അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ശത്രുത സമീപകാലത്ത് ഏറെ വർധിച്ചിട്ടുണ്ട്.അതിന് പിന്നിൽ ഒരുപാട് കാരണങ്ങളുമുണ്ട്.
ഏതായാലും ഈ വിജയത്തിന് പിന്നാലെ അർജന്റീനയെ പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഫ്രഞ്ച് സൂപ്പർ താരമായ പ്രിസണൽ കിമ്പമ്പേ. ചിരിക്കുന്ന 3 ഇമോജികളാണ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. അർജന്റീനയുടെ പുറത്താവലിനെ തന്നെയാണ് അദ്ദേഹം പരിഹസിച്ചിട്ടുള്ളത്. കൂടാതെ ഫ്രാൻസിനായി ഗോൾ നേടിയ മറ്റേറ്റയും അർജന്റീനയെ പരിഹസിച്ചു കൊണ്ടുള്ള ഒരു ചിത്രം പങ്കുവച്ചിട്ടുണ്ട്.
അതായത് മത്സരത്തിനിടയിൽ ഫ്രഞ്ച് പ്രതിരോധനിരതാരമായ ബെയ്ഡേ അർജന്റൈൻ താരമായ ബെൾട്രനെ വീഴ്ത്തിയിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി ആക്രോശിക്കുകയായിരുന്നു ബെയ്ഡേ ചെയ്തിരുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഒക്കെ വലിയ വൈറലായിരുന്നു.ആ ചിത്രം മറ്റേറ്റ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് അർജന്റീനക്കാർക്ക് പിടിച്ചിട്ടില്ല.അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
വലിയ പ്രതിഷേധങ്ങളാണ് അർജന്റീന ഫ്രാൻസിൽ നിന്നും ഏൽക്കേണ്ടി വന്നത്.അവരുടെ ദേശീയ ഗാനത്തിന്റെ സമയത്ത് വലിയ കൂവലുകൾ കേൾക്കേണ്ടി വന്നിരുന്നു.അർജന്റൈൻ താരങ്ങൾ ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിച്ചിരുന്നു. അതിനോടുള്ള പ്രതിഷേധം ആയിരുന്നു ഫ്രഞ്ച് ആരാധകർ രേഖപ്പെടുത്തിയിരുന്നത്.