അർജന്റീനയുടെ സ്ക്വാഡ് ഉടൻ പ്രഖ്യാപിക്കും, യുവതാരങ്ങൾക്ക് സാധ്യത ഏറെ!
വരുന്ന സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ലോക ചാമ്പ്യന്മാരായ അർജന്റീന കളിക്കുന്നത്. ആദ്യ മത്സരത്തിൽ ചിലിയാണ് അർജന്റീനയുടെ എതിരാളികൾ. സെപ്റ്റംബർ ആറാം തീയതി പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം നടക്കുക. അതിനുശേഷം അർജന്റീന യും കൊളംബിയയും തമ്മിൽ ഏറ്റുമുട്ടും. സെപ്റ്റംബർ പതിനൊന്നാം തീയതി പുലർച്ചയാണ് ഈ മത്സരം അരങ്ങേറുക.
നിലവിലെ കോപ്പ അമേരിക്ക ജേതാക്കളാണ് അർജന്റീന. കൊളംബിയയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നിലനിർത്തിയിരുന്നത്. മാത്രമല്ല വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഒന്നാം സ്ഥാനത്ത് തുടരുന്നതും അർജന്റീനയാണ്.6 മത്സരങ്ങളിൽ നിന്ന് 15 പോയിന്റാണ് അർജന്റീനക്ക് ഉള്ളത്. വരുന്ന രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റുകൾ കൂടി ലഭിച്ചു കഴിഞ്ഞാൽ അർജന്റീനക്ക് അടുത്ത വേൾഡ് കപ്പ് യോഗ്യത ഉറപ്പാക്കാൻ സാധിക്കും.
വരുന്ന മത്സരങ്ങൾക്കുള്ള സ്ക്വാഡിനെ അധികം വൈകാതെ തന്നെ പരിശീലകനായ ലയണൽ സ്കലോണി പ്രഖ്യാപിക്കും എന്നുള്ള കാര്യം പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോപ്പ അമേരിക്കയിൽ കളിച്ച ഭൂരിഭാഗം താരങ്ങളും ടീമിലെ സ്ഥാനം നിലനിർത്തും.അതോടൊപ്പം തന്നെ ചില യുവ താരങ്ങൾക്ക് കൂടി അവസരം നൽകാൻ ഈ പരിശീലകൻ ആലോചിക്കുന്നുണ്ട്. ഒളിമ്പിക്സ് ഉണ്ടായതുകൊണ്ട് തന്നെ ചില യുവതാരങ്ങളെ കോപ സ്ക്വാഡിൽ സ്കലോണി ഉൾപ്പെടുത്തിയിരുന്നില്ല.അത്തരത്തിലുള്ള താരങ്ങൾ ടീമിലേക്ക് മടങ്ങിയെത്തിയേക്കും.
വാലന്റീൻ കാർബോണി വരുന്ന ടീമിൽ ഇടം നേടാൻ സാധ്യതയുണ്ട്. അതുപോലെതന്നെ മത്യാസ് സൂലെ ടീമിൽ സ്ഥാനം കണ്ടെത്തിയേക്കും.യുവന്റസിൽ നിന്നും ഈയിടെ താരം റോമയിലേക്ക് ചേക്കേറിയിരുന്നു. അതേസമയം ഇക്വി ഫെർണാണ്ടസിനെ വലിയ രൂപത്തിൽ പരിശീലകൻ പരിഗണിക്കുന്നുണ്ട്. താരം സൗദിയിലേക്ക് പോയെങ്കിലും അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താം എന്ന തീരുമാനത്തിലാണ് പരിശീലകൻ ഉള്ളത്. കൂടാതെ ദിബാല തിരിച്ചെത്തിയേക്കും എന്നുള്ള റൂമറുകളും സജീവമാണ്.താരവും ഇപ്പോൾ സൗദിയിലേക്ക് പോവുകയാണ്.
ഫകുണ്ടോ ബുവോനാനോറ്റേ,തിയാഗോ അൽമേഡ എന്നിവരും അർജന്റീന ടീമിൽ ഇടം കണ്ടെത്തിയേക്കും. ഇതൊക്കെയാണ് ഇപ്പോൾ Tyc സ്പോർട്സ് വിലയിരുത്തിയിട്ടുള്ള സാധ്യതകൾ. ഏതായാലും ഏറ്റവും മികച്ച ഒരു ടീമിനെ തന്നെയാണ് അദ്ദേഹം കളത്തിലേക്ക് ഇറക്കുക. പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും മെസ്സി സ്ക്വാഡിൽ ഉണ്ടായേക്കും.പക്ഷേ താരം കളിക്കുമോ എന്നുള്ള കാര്യത്തിൽ ഇനിയും വ്യക്തതകൾ കൈവരേണ്ടതുണ്ട്.