അർജന്റീനയുടെ വേൾഡ് കപ്പ് സാധ്യതകൾ എങ്ങനെ? മഷെരാനോ പറയുന്നു!

ഖത്തർ വേൾഡ് കപ്പ് അരങ്ങേറാൻ ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വേൾഡ് കപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാവുകയാണ്.ആരായിരിക്കും ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം നേടുക എന്നുള്ളതാണ് ആരാധകർ ഏറ്റവും കൂടുതൽ ചർച്ചാവിഷയമാക്കുന്ന കാര്യം. നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീനക്ക് പലരും വലിയ സാധ്യതകൾ കൽപ്പിക്കപ്പെടുന്നുണ്ട്. കാരണം മികച്ച രൂപത്തിലാണ് അർജന്റീന നിലവിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

ഏതായാലും അർജന്റീനയുടെ ഐതിഹാസിക താരമായ ഹവിയർ മഷെരാനോയോട് ഈ വേൾഡ് കപ്പിലെ അർജന്റീനയുടെ സാധ്യതകളെപ്പറ്റി ചോദിക്കപ്പെട്ടിരുന്നു. കിരീട ഫേവറേറ്റുകളിൽ ഒന്നാണ് അർജന്റീന എന്നാണ് മഷെരാനോ പറഞ്ഞിട്ടുള്ളത്. അതിന് കാരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത് ടീമിന്റെ സ്ഥിരതയാർന്ന മികച്ച പ്രകടനമാണ്.മഷെരാനോയുടെ വാക്കുകളെ പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇത്തവണത്തെ കിരീട ഫേവറേറ്റുകളിൽ ഒന്ന് അർജന്റീന തന്നെയാണ്. എനിക്ക് ഇപ്രാവശ്യം അർജന്റീനയിൽ ഒരുപാട് വിശ്വാസമുണ്ട്.കാരണം അവർ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്നുണ്ട്. എങ്ങനെ കളിക്കണം എന്നതിനെ കുറിച്ച് വ്യക്തമായ ഐഡിയ അർജന്റീനക്കുണ്ട്. തങ്ങൾ കളത്തിൽ എന്താണ് ചെയ്യേണ്ടത് എന്നുള്ളതും അർജന്റീനക്ക് വ്യക്തമായി അറിയാം. ഈ ക്വാളിറ്റികൾ ഒക്കെയാണ് ഒരു ചാമ്പ്യൻഷിപ്പിന് വേണ്ടി പോരാടുമ്പോൾ ടീമിന് ആവശ്യമായി വരുന്നത്. അതൊക്കെ അർജന്റീനക്കുണ്ട് ” ഇതാണ് മഷെരാനോ പറഞ്ഞത്.

അർജന്റീനക്ക് വേണ്ടി നാല് വേൾഡ് കപ്പുകളിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് മഷെരാനോ. പിന്നീട് 2018 വേൾഡ് കപ്പിന് ശേഷം അദ്ദേഹം അർജന്റീനയുടെ ടീമിനോട് വിട പറയുകയായിരുന്നു.നിലവിൽ അർജന്റീനയുടെ അണ്ടർ 20 ടീമിന്റെ പരിശീലകൻ കൂടിയാണ് മഷെരാനോ.

Leave a Reply

Your email address will not be published. Required fields are marked *