അർജന്റീനയുടെ ട്രെയിനിങ് ക്യാമ്പിൽ മോഷണം, വിലപിടിപ്പുള്ളവ നഷ്ടമായി:മശെരാനോ
ഇന്നലെ ഒളിമ്പിക്സിൽ നടന്ന ആദ്യ മത്സരത്തിൽ അർജന്റീനക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.മൊറൊക്കോയാണ് അർജന്റീനയെ പരാജയപ്പെടുത്തിയത്.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അവരുടെ തോൽവി. വിവാദങ്ങളിലാണ് ഈ മത്സരം അവസാനിച്ചത്. അർജന്റീന സമനില ഗോൾ നേടിയെങ്കിലും രണ്ടു മണിക്കൂറിനു ശേഷം അത് റഫറി നിഷേധിക്കുകയായിരുന്നു.
തുടർന്നാണ് അർജന്റീനക്ക് തോൽവി വഴങ്ങേണ്ടിവന്നത്. ഇക്കാര്യത്തിൽ സംഘാടകർക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം കൂടി അർജന്റീനയുടെ പരിശീലകനായ മശെരാനോ വെളിപ്പെടുത്തിയിട്ടുണ്ട്.അതായത് അർജന്റീനയുടെ ക്യാമ്പിൽ മോഷണം നടന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.അർജന്റീന പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഇന്നലെ അവർ ഞങ്ങളുടെ ട്രെയിനിങ് ക്യാമ്പിൽ അതിക്രമിച്ച് കയറിയിരുന്നു.ഞങ്ങളെ കൊള്ളയടിക്കുകയും ചെയ്തു.തിയാഗോ അൽമേഡയുടെ വാച്ചും മോതിരവും അടങ്ങിയ പല സാധനങ്ങളും ട്രെയിനിങ്ങിൽ വച്ച് അവർ കൊള്ളയടിച്ചു. ട്രെയിനിങ്ങിനു ശേഷം ഒന്നും തന്നെ പറയാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഫ്രാൻസിൽ അർജന്റീന സുരക്ഷിതരല്ല എന്ന് തന്നെയാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. അർജന്റീന സമനില ഗോൾ നേടിയ സമയത്ത് താരങ്ങൾക്ക് നേരെ ആരാധകരുടെ ആക്രമണം ഉണ്ടായിരുന്നു.അതെ തുടർന്നായിരുന്നു മത്സരം തടസ്സപ്പെട്ടിരുന്നത്.