അർജന്റീനയിലെ മത്സരത്തിനിടെ വെടിവെപ്പ്,ഏഴ് പേർക്ക് പരിക്ക്,ഒരാൾ ഗുരുതരാവസ്ഥയിൽ!

ഫുട്ബോൾ ലോകത്ത് നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുള്ളത്. ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയിൽ നടന്ന ഒരു മത്സരത്തിനിടെ കാണികൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് നടന്ന വെടിവെപ്പിനിടെ ഏഴോളം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ആരാധകൻ ഗുരുതരാവസ്ഥയിലുമാണ്.അർജന്റൈൻ മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

അർജന്റീനയിലെ പ്രിമേറ സിയിൽ നടന്ന മത്സരത്തിൽ ലുഹാൻ എഫ്സിയും അലം എഫ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ലുഹാന്റെ മൈതാനത്ത് വെച്ചായിരുന്നു മത്സരം നടന്നിരുന്നത്. എന്നാൽ മത്സരത്തിന്റെ പതിനാലാം മിനിറ്റിൽ ലുഹാന്റെ ആരാധകർ കരിമരുന്നുകളും പടക്കങ്ങളും അലം താരങ്ങൾ ഇരിക്കുന്ന ബെഞ്ചിനു നേരെ എറിയുകയായിരുന്നു. ഇതിന്റെ ബാക്കിപത്രമായി കൊണ്ടാണ് അക്രമ സംഭവങ്ങൾ നടന്നത്. തുടർന്ന് റഫറി മത്സരം സസ്പെൻഡ് ചെയ്യുകയും ചെയ്തു.

അലം എഫ്സിയുടെ ആരാധകർ സ്റ്റേഡിയത്തിന് പുറത്ത് കടന്നതിനുശേഷം ആക്രമണങ്ങൾ തുടരുകയായിരുന്നു.ഇതിനിടെ അലം എഫ്സിയുടെ ആരാധകർ സഞ്ചരിച്ച ഒരു വാനിൽ നിന്നും വെടിയുതിർക്കുകയായിരുന്നു. ഈ വെടിവെപ്പിലാണ് ഏഴ് ആരാധകർക്ക് പരിക്കേറ്റിരിക്കുന്നത്.അതിൽ ഒരു ആരാധകന്റെ നില ഗുരുതരമാണ്. ഇക്കാര്യം പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചെവിക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഈയൊരു സംഭവ വികാസത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടുണ്ട്.ഈ ആക്രമണ സംഭവങ്ങളിൽ AFA അതിയായ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.കൂടാതെ പോലീസുമായി സഹകരിച്ചുകൊണ്ട് അന്വേഷണത്തിൽ പങ്കാളിയാകുമെന്നും AFA കൂട്ടിച്ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *