അർജന്റീനക്ക് കാര്യങ്ങൾ എളുപ്പം, കോപ്പ അമേരിക്ക കിരീടം നിലനിർത്തുമോ?

അടുത്ത വർഷം അമേരിക്കയിൽ വച്ചുകൊണ്ടാണ് കോപ്പ അമേരിക്ക ടൂർണമെന്റ് അരങ്ങേറുന്നത്.48ആം എഡിഷനാണ് അടുത്തവർഷം നടക്കുക.അതിന്റെ ഗ്രൂപ്പ് നിർണായ നറുക്കെടുപ്പ് ഇന്ന് പൂർത്തിയായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഗ്രൂപ്പ് എയിലാണ് ഇടം നേടിയിരിക്കുന്നത്.

ഇതിന് പിന്നാലെ പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് ഒരു വിശകലനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർജന്റീനയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ഒരല്പം എളുപ്പമാണ് എന്നാണ് ഇവർ വിലയിരുത്തുന്നത്. നിലവിലെ ചാമ്പ്യന്മാരാണ് അർജന്റീന. മാത്രമല്ല ഇത്തവണ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമും അർജന്റീന തന്നെയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ വലിയ വെല്ലുവിളികൾ അർജന്റീനക്ക് നേരിടേണ്ടി വരില്ല എന്ന് തന്നെയാണ് വിലയിരുത്തലുകൾ.

ജൂൺ ഇരുപതാം തീയതി നടക്കുന്ന ആദ്യ മത്സരത്തിൽ ഒന്നുകിൽ കാനഡ അല്ലെങ്കിൽ ട്രിനിഡാഡ് ആൻഡ് ടോബാഗോ എന്നിവരെയായിരിക്കും അർജന്റീനക്ക് നേരിടേണ്ടി വരിക. ഈ രണ്ട് ടീമുകളും അത്ര മികച്ച പ്രകടനം ഒന്നുമല്ല സമീപകാലത്ത് നടത്തുന്നത്. അൽഫോൻസോ ഡേവിസിന്റെ കാനഡ എതിരാളികളായി എത്താൻ വലിയ സാധ്യതയുണ്ട്. പക്ഷേ അർജന്റീനക്ക് വലിയ വെല്ലുവിളി ഇവർ ഉയർത്തിയേക്കില്ല.

ജൂൺ 25 ആം തീയതി നടക്കുന്ന മത്സരത്തിൽ ചിലിയും 29 ആം തീയതി നടക്കുന്ന മത്സരത്തിൽ പെറുവുമാണ് അർജന്റീനയുടെ എതിരാളികൾ. മുൻപ് രണ്ട് തവണ അർജന്റീനയുടെ പക്കലിൽ നിന്ന് കോപ്പ അമേരിക്ക തട്ടിക്കളഞ്ഞവരാണ് ചിലി.പക്ഷേ ഇപ്പോൾ അവർ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല എന്നത് മാത്രമല്ല രണ്ട് തോൽവികൾ അവർ ഏറ്റുവാങ്ങുകയായിരുന്നു.

പെറുവും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച അഞ്ചുമത്സരങ്ങളിൽ നാലെണ്ണത്തിൽ അവർ പരാജയപ്പെടുകയും ഒരെണ്ണത്തിൽ സമനില വഴങ്ങുകയും ചെയ്തു.ചിലിയും പെറുവും ഒരു കാരണവശാലും അർജന്റീനക്ക് വെല്ലുവിളി ഉയർത്തില്ല. അതേസമയം ബ്രസീൽ,ഉറുഗ്വ, കൊളംബിയ, അമേരിക്ക എന്നിവരെ ഫൈനലിൽ മാത്രമാണ് അർജന്റീനക്ക് നേരിടേണ്ടി വരിക.അതിനുമുൻപ് നേരിടേണ്ട അവസ്ഥ വരില്ല. ഇതൊക്കെ അർജന്റീനക്ക് കാര്യങ്ങളെ എളുപ്പമാക്കുകയാണ് ചെയ്യുക.ഇക്വഡോർ, മെക്സിക്കോ എന്നിവർ മാത്രമായിരിക്കും അർജന്റീനക്ക് ക്വാർട്ടർ,സെമി എന്നീ റൗണ്ടുകളിൽ ഒരല്പം എങ്കിലും വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ളത്. ഏതായാലും ഫൈനൽ വരെ ബുദ്ധിമുട്ടില്ലാതെ അർജന്റീനക്ക് പോകാൻ കഴിയും എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *