അർജന്റീനക്കെതിരെയല്ല, അടുത്തമാസം ബ്രസീൽ കളിക്കുക ഈ ടീമുകൾക്കെതിരെ!

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന അർജന്റീനയും ബ്രസീലും തമ്മിലുള്ള വേൾഡ് കപ്പ് യോഗ്യത മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ആ മത്സരം അടുത്തമാസം വീണ്ടും നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ അർജന്റീനയും ബ്രസീലും ഈ മത്സരം കളിക്കേണ്ടതില്ല എന്നുള്ള ധാരണയിൽ എത്തുകയായിരുന്നു. ഇനി ഫിഫയുടെ ഒഫീഷ്യൽ പ്രഖ്യാപനമാണ് ഈ വിഷയത്തിൽ വരാനുള്ളത്.

ഏതായാലും അർജന്റീനക്കെതിരെയുള്ള മത്സരം ഉപേക്ഷിച്ചതോടെ പുതിയ എതിരാളികൾക്കുള്ള അന്വേഷണത്തിലാണ് നിലവിൽ ബ്രസീലുള്ളത്. അടുത്തമാസം രണ്ട് സൗഹൃദ മത്സരങ്ങളാണ് ബ്രസീൽ കളിക്കാൻ ഉദ്ദേശിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളായ ടുണീഷ്യ, അൾജീരിയ എന്നിവരായിരിക്കും ഈ മത്സരങ്ങളിൽ ബ്രസീലിന്റെ എതിരാളികൾ.ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് പുറത്തു വിട്ടിട്ടില്ല. മറിച്ച് പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് ഈ സാധ്യതകൾ പങ്കുവെച്ചിട്ടുള്ളത്.

സെപ്റ്റംബറിലെ ആദ്യ ആഴ്ചയിലോ രണ്ടാമത്തെ ആഴ്ചയിലോ ഈ മത്സരങ്ങൾ സംഘടിപ്പിക്കാനാണ് ഇപ്പോൾ ബ്രസീൽ ഉദ്ദേശിക്കുന്നത്. മാത്രമല്ല ഈ മത്സരങ്ങൾ യൂറോപ്പിൽ വെച്ച് കളിക്കാനാണ് ബ്രസീൽ താല്പര്യപ്പെടുന്നത്. എന്നാൽ ടീമുകളുടെ കാര്യത്തിലും വേദിയുടെ കാര്യത്തിലും തീയതിയുടെ കാര്യത്തിലുമൊക്കെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇനി വരേണ്ടിയിരിക്കുന്നു.

നവംബർ ഇരുപതാം തീയതിയാണ് ഖത്തർ വേൾഡ് കപ്പിന് തുടക്കമാവുക. നവംബർ 24 ആം തീയതിയാണ് ബ്രസീൽ തങ്ങളുടെ ആദ്യ മത്സരം കളിക്കുക. യൂറോപ്യൻ ടീമായ സെർബിയയാണ് ബ്രസീലിന്റെ എതിരാളികൾ.സെർബിയയേ കൂടാതെ സ്വിറ്റ്സർലാന്റ്,കാമറൂൺ എന്നിവരെയാണ് ബ്രസീൽ ഗ്രൂപ്പ് ഘട്ടത്തിൽ നേരിടേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *