അസെൻസിയോ വീട്ടിൽ സോഫയിലിരുന്നു കൊണ്ട് നെറ്റ്ഫ്ലിക്സ് കാണുന്നുണ്ടാകും, എൻറിക്വേ പറയുന്നു !

റയൽ മാഡ്രിഡിന്റെ സൂപ്പർ താരം മാർക്കോ അസെൻസിയോക്ക്‌ സ്പെയിനിന്റെ യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി രണ്ട് മത്സരങ്ങൾ കളിച്ചിരുന്നുവെങ്കിലും താരത്തെ പരിഗണിക്കാൻ പരിശീലകൻ ലൂയിസ് എൻറിക്വ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള ചോദ്യത്തിന് ദേഷ്യപ്പെട്ട് കൊണ്ട് മറുപടി പറഞ്ഞിരിക്കുകയാണ് എൻറിക്വ. അസെൻസിയോ വീട്ടിലെ സോഫയിലിരുന്നു കൊണ്ട് നെറ്റ്ഫ്ലിക്സ് കാണുന്നുണ്ടാവുമെന്നും അദ്ദേഹത്തെ കുറിച്ച് ചർച്ച ചെയ്യാനുള്ള സമയമല്ല ഇതെന്നുമായിരുന്നു എൻറിക്വ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ സൗഹൃദമത്സരത്തിൽ സ്പെയിൻ പോർച്ചുഗല്ലിനോട് ഗോൾരഹിത സമനില വഴങ്ങിയിരുന്നു. ഇനി ഇന്ന് നേഷൻസ് ലീഗിൽ സ്പെയിൻ സ്വിറ്റ്സർലാന്റിനെ നേരിടുന്നുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15 -നാണ് മത്സരം നടക്കുക.

” ഞാൻ അസെൻസിയോയെ കണ്ടിട്ടില്ല. കാരണം അദ്ദേഹം സ്‌ക്വാഡിൽ ഇല്ലല്ലോ. ഞാൻ അദ്ദേഹത്തെ കുറിച്ചു ഒരുപാട് തവണ നിങ്ങളോട് സംസാരിച്ചതാണ്. ഞാൻ അദ്ദേഹത്തെ കണ്ടാൽ ഹലോ എന്ന് അഭിസംബോധനം ചെയ്യും. എനിക്ക് അദ്ദേഹവുമായി ഒരു പ്രശ്നവുമില്ല. പക്ഷെ ഇത് അദ്ദേഹത്തെ കുറിച്ച് സംസാരിക്കാനുള്ള സമയമല്ല. അദ്ദേഹം വീട്ടിലെ സോഫയിൽ ഇരുന്നു കൊണ്ട് നെറ്റ്ഫ്ലിക്സ് കാണുകയാകും. അദ്ദേഹം തന്റെ വീട്ടിൽ റിലാക്സ് ചെയ്യുകയാണ്. അദ്ദേഹം നിലവിൽ സ്പെയിനിന് വേണ്ടി കളിക്കുന്നില്ല. അത്കൊണ്ട് തന്നെ നമുക്ക് സ്വിറ്റ്സർലാന്റിനെതിരെയുള്ള മത്സരത്തെ കുറിച്ച് ചർച്ച ചെയ്യാം ” അസെൻസിയോയെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി എൻറിക്വ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *