അവർ മൂന്നുപേരും പോർച്ചുഗീസ് ടീമിൽ ഉണ്ടായിരുന്നെങ്കിൽ: ആഗ്രഹം വെളിപ്പെടുത്തി സിൽവ
യുവേഫ യൂറോ കപ്പിലെ ആദ്യ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് വമ്പൻമാരായ പോർച്ചുഗൽ ഇപ്പോൾ ഉള്ളത്. ചെക്ക് റിപ്പബ്ലിക്കാണ് ആദ്യ മത്സരത്തിലെ പോർച്ചുഗലിന്റെ എതിരാളികൾ. ജൂൺ പതിനെട്ടാം തീയതി അർദ്ധരാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം കാണാൻ സാധിക്കുക.വിജയിച്ചുകൊണ്ട് തുടങ്ങാൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് പോർച്ചുഗൽ ഉള്ളത്. കഴിഞ്ഞ സൗഹൃദ മത്സരത്തിൽ അയർലാൻഡിനെതിരെ തകർപ്പൻ വിജയം പോർച്ചുഗൽ സ്വന്തമാക്കിയിരുന്നു.
പോർച്ചുഗീസ് സൂപ്പർ താരമായ ബെർണാഡോ സിൽവ കഴിഞ്ഞ ദിവസം ഒരു അഭിമുഖം നൽകിയിരുന്നു. പോർച്ചുഗൽ ടീമിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന മൂന്ന് എതിർ താരങ്ങൾ ആരൊക്കെയാണ് എന്ന് ഇദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു.കിലിയൻ എംബപ്പേ,ഡെക്ലൻ റെയ്‌സ്,വില്യം സാലിബ എന്നീ താരങ്ങളെയാണ് സിൽവ തിരഞ്ഞെടുത്തിട്ടുള്ളത്. താരത്തിന്റെ വാക്കുകളെ പോർച്ചുഗീസ് മാധ്യമമായ എ ബോല റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” ഞാൻ ആദ്യമായി കിലിയൻ എംബപ്പേയെ തിരഞ്ഞെടുക്കുന്നു. ഞാനും അദ്ദേഹവും ഒരുമിച്ച് മൊണാക്കോയിൽ വെച്ച് കളിച്ചിട്ടുണ്ട്. അദ്ദേഹം ഒരു ബീസ്റ്റാണ്.എംബപ്പേയെ ഞാൻ ഇഷ്ടപ്പെടുന്നു.ഇനി അടുത്തതായി ഞാൻ ഒരു മധ്യനിര താരത്തെയാണ് തിരഞ്ഞെടുക്കുന്നത്.ഡെക്ലാൻ റേസിനെ ഞാൻ തിരഞ്ഞെടുക്കുന്നു. ഞാൻ അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നു. മാഞ്ചസ്റ്റർ സിറ്റി താരങ്ങളെ ഞാൻ തിരഞ്ഞെടുക്കുന്നില്ല. പ്രതിരോധനിരയിലേക്ക് സാലിബയെയാണ് ഞാൻ ചൂസ് ചെയ്യുന്നത്. ഈ സീസണിൽ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത് ” ഇതാണ് സിൽവ പറഞ്ഞിട്ടുള്ളത്.
ഇത്തവണത്തെ കിരീട ഫേവറേറ്റുകളിൽ ഒന്നാണ് പോർച്ചുഗൽ. താര സമ്പന്നമായ ഒരു നിര തന്നെ ഇപ്പോൾ അവർക്കുണ്ട്. മാത്രമല്ല പരിശീലകൻ റോബർട്ടോ മാർട്ടിനസിന് കീഴിൽ അവർ മികച്ച പ്രകടനവും നടത്തുന്നുണ്ട്. ഇതിനൊക്കെ പുറമെ 39 കാരനായ റൊണാൾഡോയുടെ മാസ്മരിക പ്രകടനവും ഇവരുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.