അവർ ചെയ്തതിന് അവർ അനുഭവിക്കുക തന്നെ വേണം:ഡാനി,റോബിഞ്ഞോ എന്നിവർക്കെതിരെ ബ്രസീലിയൻ താരം!

ബ്രസീലിയൻ ഫുട്ബോളിലെ രണ്ട് ഇതിഹാസങ്ങൾ ഇപ്പോൾ ബലാൽസംഗ കേസിൽ തടവ് ശിക്ഷ അനുഭവിക്കുകയാണ്. സ്പാനിഷ് യുവതിയെ പീഡിപ്പിച്ച കേസിൽ നാലര വർഷത്തെ തടവ് ശിക്ഷയാണ് സ്പാനിഷ് കോടതി ഡാനി ആൽവസിന് വിധിച്ചിട്ടുള്ളത്. അൽബേനിയൻ യുവതിയെ ഇറ്റലിയിൽ വച്ച് പീഡിപ്പിച്ചതിന് 9 വർഷത്തെ തടവ് ശിക്ഷയാണ് ഇറ്റാലിയൻ കോടതി റോബിഞ്ഞോക്ക് വിധിച്ചിട്ടുള്ളത്. ഇറ്റലിയിൽ നിന്നും കടന്നുകളഞ്ഞ റോബിഞ്ഞോയെ ബ്രസീലിയൻ ഗവൺമെന്റ് ബ്രസീലിൽ വെച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രസീലിയൻ ഫുട്ബോളിനെ വളരെയധികം നാണക്കേട് ഉണ്ടാക്കിയ ഒരു കാര്യമാണ് ഇത്. ബ്രസീലിയൻ താരമായ ഫെലിപെ മെലോ ഈ സംഭവങ്ങളോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. അതായത് അവർ ചെയ്തതിന് അവർ അനുഭവിക്കുക തന്നെ വേണം എന്നാണ് മെലോ പറഞ്ഞിട്ടുള്ളത്. വളരെ ഗുരുതരമായ കുറ്റകൃത്യമാണ് രണ്ടുപേരും ചെയ്തിരിക്കുന്നതെന്നും മെലോ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എനിക്ക് 15 വയസ്സുള്ള ഒരു മകളുണ്ട്. അവൾക്കാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ഞാൻ ഇവിടെ ഈ ഇന്റർവ്യൂ നൽകാൻ നിങ്ങളുടെ മുൻപിൽ ഉണ്ടാവില്ല. തീർച്ചയായും മറ്റുള്ള മനുഷ്യരെ നമ്മൾ ബഹുമാനിക്കേണ്ടതുണ്ട്.നിർബന്ധമായും സ്ത്രീകളെ നമ്മൾ ബഹുമാനിക്കണം.പുരുഷന്മാരെയും ബഹുമാനിക്കണം.അവർ ചെയ്തതിനുള്ള ശിക്ഷ അവർ അനുഭവിക്കുക തന്നെ വേണം.ഒരു കാരണവശാലും മറ്റുള്ളവർ ഇത് അനുകരിക്കരുത്. വളരെ ഗുരുതരമായ ഒരു കുറ്റകൃത്യമാണിത് ” ഇതാണ് മെലോ പറഞ്ഞിട്ടുള്ളത്.

2009, 2010 എന്നീ വർഷങ്ങളിൽ ബ്രസീൽ ദേശീയ ടീമിന് വേണ്ടി 22 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഫെലിപെ മെലോ.ഡാനി ആൽവസ്,റോബിഞ്ഞോ എന്നിവരുടെ സഹതാരം കൂടിയായിരുന്നു അന്ന് മെലോ. നിലവിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസിന് വേണ്ടിയാണ് അദ്ദേഹം കളിച്ചു കൊണ്ടിരിക്കുന്നത്. നാല്പതാമത്തെ വയസ്സിലും മിന്നുന്ന പ്രകടനമാണ് മെലോ അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *