അവൻ എന്തായാലും പരിശീലകനാവും : പോർച്ചുഗീസ് സൂപ്പർതാരത്തെക്കുറിച്ച് കോച്ച്
ഇത്തവണത്തെ യൂറോ കപ്പിന് വേണ്ടിയുള്ള പോർച്ചുഗലിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.മൂന്ന് സൗഹൃദ മത്സരങ്ങളാണ് പോർച്ചുഗൽ കളിക്കുന്നത്. ആദ്യ മത്സരത്തിൽ ഫിൻലാന്റിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പോർച്ചുഗൽ പരാജയപ്പെടുത്തിയിരുന്നു.ഇനി ക്രൊയേഷ്യ,അയർലൻഡ് എന്നിവരാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇതിൽ അയർലണ്ടിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചേക്കും.
പോർച്ചുഗല്ലിന്റെ പരിശീലകനായ റോബർട്ടോ മാർട്ടിനസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടിരുന്നു.തന്റെ താരങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.കൂട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരമായ ബെർണാഡോ സിൽവയെ അദ്ദേഹം പ്രശംസിച്ചിട്ടുണ്ട്. സിൽവ ഭാവിയിൽ എന്തായാലും ഒരു പരിശീലകനാകും എന്നാണ് മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“മൊണാക്കോയിൽ സിൽവ ഒരു യഥാർത്ഥ റൈറ്റ് വിങറായിരുന്നു.എന്നാൽ മാഞ്ചസ്റ്റർ സിറ്റിയിൽ അദ്ദേഹം കൂടുതൽ ഇന്റീരിയർ താരമായി മാറി. പക്ഷേ ഒരുവിധം പൊസിഷനുകളിലെല്ലാം തന്നെ അദ്ദേഹം കളിച്ചിട്ടുണ്ട്.അതിന്റെ കാരണം അദ്ദേഹത്തിന്റെ ബുദ്ധി വൈഭവം തന്നെയാണ്. സിൽവ വിരമിച്ചു കഴിഞ്ഞാൽ അദ്ദേഹം ഒരു പരിശീലകനായി മാറും എന്ന കാര്യത്തിൽ എനിക്ക് യാതൊരുവിധ സംശയങ്ങളും ഇല്ല. കാരണം ഒരു മത്സരം മനസ്സിലാക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.ബാക്കിയുള്ള താരങ്ങൾ എന്തൊക്കെ ചെയ്യും, അവരെ എങ്ങനെ ഹെൽപ്പ് ചെയ്യാം എന്നതിനെക്കുറിച്ചൊക്കെ കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ ഓരോ മൂവിലും ഓരോ കാരണങ്ങൾ ഉണ്ടാകും. ചിലപ്പോൾ സഹതാരങ്ങൾക്ക് സ്‌പേസ് ഒരുക്കും, ചിലപ്പോൾ എതിർ ഡിഫൻഡർമാരെ സ്ഥാനം തെറ്റിക്കും.അങ്ങനെ ഓരോ ലക്ഷ്യങ്ങൾ അദ്ദേഹത്തിന്റെ മൂവ്മെന്റിൽ ഉണ്ടാകും. ടീമിന് വേണ്ടി വളരെയധികം വർക്ക് ചെയ്യുന്ന ഒരു താരമാണ് അദ്ദേഹം ” ഇതാണ് മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.
പോർച്ചുഗല്ലിനെ സംബന്ധിച്ചിടത്തോളം ഗ്രൂപ്പ് ഘട്ടം അത്ര ബുദ്ധിമുട്ടുള്ളതാവില്ല. ചെക്ക് റിപ്പബ്ലിക്,തുർക്കി, ജോർജിയ എന്നിവരാണ് പോർച്ചുഗലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികൾ. അതിനുശേഷമായിരിക്കും അവർക്ക് കാര്യമായ വെല്ലുവിളികൾ നേരിടേണ്ടി വരിക.