അവസാനത്തെ സന്തോഷം കോപ അമേരിക്ക കിരീടമായിരുന്നു : അഗ്വേറോ
കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്ക കിരീടത്തിൽ ബ്രസീലിനെ പരാജയപ്പെടുത്തികൊണ്ടായിരുന്നു അർജന്റീന മുത്തമിട്ടിരുന്നത്. ഈയൊരു കിരീടനേട്ടത്തിൽ പങ്കാളിയാവാൻ സൂപ്പർതാരം സെർജിയോ അഗ്യൂറോക്ക് സാധിച്ചിരുന്നു.എന്നാൽ അധികം വൈകാതെ അഗ്വേറോ ഫുട്ബോളിൽ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അഗ്വേറോയെ വിരമിക്കാൻ നിർബന്ധിതനാക്കുകയായിരുന്നു.
ഏതായാലും കോപ്പ അമേരിക്ക കിരീടം നേട്ടത്തെക്കുറിച്ച് അഗ്വേറോ ഇപ്പോൾ മനസ്സ് തുറന്നിട്ടുണ്ട്.അർജന്റീനയോടൊപ്പം കോപ അമേരിക്ക കിരീടം നേടിയതാണ് താൻ അവസാനമായി അനുഭവിച്ച സന്തോഷമെന്നാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അഗ്വേറോ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Sergio Agüero: "The Copa America with Argentina was my last joy". https://t.co/XtPUKQD0bL
— Mundo Albiceleste 🇦🇷 (@MundoAlbicelest) February 21, 2022
” കുറഞ്ഞത് അർജന്റൈൻ ടീമിനോടൊപ്പം കോപ അമേരിക്ക കിരീടമെങ്കിലും നേടാനായല്ലോ എന്നാണ് എല്ലാം സംഭവിച്ച് കഴിഞ്ഞതിനുശേഷം ഞാൻ ആലോചിച്ചത്.എന്റെ സഹതാരങ്ങളെല്ലാം ഏറെക്കാലം കാത്തിരുന്നതും സ്വപ്നം കണ്ടതും ഈയൊരു കിരീടത്തിന് വേണ്ടിയായിരുന്നു. ആ കിരീടം നേടിയ ശേഷമാണ് എനിക്ക് ടീമിനോട് വിട പറയേണ്ടി വന്നത്.ആ കോപ്പ അമേരിക്ക കിരീടമായിരുന്നു ഞാൻ അവസാനമായി അനുഭവിച്ച സന്തോഷം.ഇന്ന് ഞാൻ ആ ചിത്രങ്ങളൊക്കെ എടുത്തു നോക്കുമ്പോൾ എന്റെ മുഖത്ത് പുഞ്ചിരി വിരിയാറുണ്ട് ” അഗ്വേറോ പറഞ്ഞു.
ബാഴ്സയിലിരിക്കെയാണ് അഗ്വേറോക്ക് ഫുട്ബോളിൽ നിന്നും വിടചൊല്ലേണ്ടി വന്നത്.ബാഴ്സക്ക് വേണ്ടി ആകെ 5 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും നേടിയിട്ടുണ്ട്.