അവരുടെ സ്ഥാനത്ത് ഞങ്ങളായിരുന്നുവെങ്കിലും പിന്തുണക്കുമായിരുന്നു: ബ്രസീലിനെ കുറിച്ച് അർജന്റീന പരിശീകൻ!

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പരിശീലകനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി സ്വന്തമാക്കിയിരുന്നു.റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടിയെ പിന്തള്ളി കൊണ്ടാണ് ലയണൽ സ്കലോണി പുരസ്കാരം നേടിയത്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീനക്ക് നേടിക്കൊടുത്തതാണ് ഇദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയിട്ടുള്ളത്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ആയിരുന്നു ബ്രസീൽ പുറത്തായത്. അതിനുശേഷം ബ്രസീലിൽ ഉള്ള ഒരുപാട് ആരാധകർ അർജന്റീനയെ പിന്തുണച്ചിരുന്നു. ബ്രസീലിന്റെ പ്രസിഡന്റ് പോലും ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ലയണൽ സ്കലോണി തന്റെ അഭിപ്രായം തുറന്നു പറഞ്ഞിട്ടുണ്ട്. ബ്രസീലിന്റെ സ്ഥാനത്ത് തങ്ങളായിരുന്നുവെങ്കിലും ഞങ്ങൾ ബ്രസീലിനെ പിന്തുണക്കുമായിരുന്നു എന്നാണ് അർജന്റീന പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ബ്രസീലുകാർ സൗത്ത് അമേരിക്കൻസ് ആണ്.ഫുട്ബോളിനോട് വളരെയധികം പാഷൻ ഉള്ളവർ.അവർ വേൾഡ് കപ്പിൽ നിന്നും പുറത്തു പോയതിനുശേഷം ഞങ്ങളെ സപ്പോർട്ട് ചെയ്തതിൽ എനിക്ക് വളരെയധികം നന്ദിയുണ്ട്. ഞങ്ങൾ വേൾഡ് കപ്പിൽ നിന്ന് പുറത്താവുകയും ബ്രസീൽ തുടരുകയും ചെയ്യുകയായിരുന്നുവെങ്കിലും ഞങ്ങൾ ഇതു തന്നെ ചെയ്യുമായിരുന്നു. അതായത് ഞങ്ങൾ ബ്രസീലിനെ പിന്തുണക്കുമായിരുന്നു. സൗത്ത് അമേരിക്കൻ ഫുട്ബോൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഒരു സമയമാണിത് ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഇന്നലെ നടന്ന ഫിഫ ബെസ്റ്റ് പുരസ്കാര ചടങ്ങിൽ അർജന്റീനയുടെ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്.മികച്ച താരത്തിനുള്ള പുരസ്കാരവും മികച്ച പരിശീലകൻ ഉള്ള പുരസ്കാരവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരവും മികച്ച ആരാധകർക്കുള്ള പുരസ്കാരവും അർജന്റീന തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *