അപരാജിതർ,ബിയൽസയുടെ അർജന്റീനയുടെ റെക്കോർഡ് തകർത്ത് ബ്രസീൽ!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ബ്രസീൽ ബൊളിവിയയെ പരാജയപ്പെടുത്തിയത്.സൂപ്പർ താരം റിച്ചാർലീസൺ ഇരട്ട ഗോളുകൾ നേടിയപ്പോൾ ലുക്കാസ് പക്വറ്റ,ബ്രൂണോ ഗുയ്മിറസ് എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.നിലവിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ.17 മത്സരങ്ങളിൽ നിന്ന് 45 പോയിന്റാണ് ബ്രസീലിന്റെ സമ്പാദ്യം.ഈ യോഗ്യത റൗണ്ടിൽ ഒരൊറ്റ മത്സരം പോലും ബ്രസീൽ പരാജയപ്പെട്ടിട്ടില്ല.14 വിജയവും മൂന്നു സമനിലയുമാണ് ബ്രസീലിന്റെ സമ്പാദ്യം.

ഇതോട് കൂടി ബ്രസീൽ ഒരു റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്.ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുന്ന ടീമെന്ന റെക്കോർഡാണ് ബ്രസീൽ സ്വന്തമാക്കിയിട്ടുള്ളത്.മാഴ്സെലോ ബിയൽസ പരിശീലിപ്പിച്ചിരുന്ന അർജന്റീനയെയാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്.2002 വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ 43 പോയിന്റായിരുന്നു ബിയത്സയുടെ അർജന്റീന നേടിയിരുന്നത്.

ഏതായാലും ഈ റെക്കോർഡ് നേട്ടത്തെക്കുറിച്ച് ബ്രസീലിന്റെ പരിശീലകനായ ടിറ്റെയോട് അഭിപ്രായം തേടിയിരുന്നു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്.

” ഞാൻ വളരെയധികം ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ബിയൽസ. അദ്ദേഹത്തോടൊപ്പം അർജന്റീനക്ക് ഒരു മികച്ച ക്യാമ്പെയിൻ തന്നെയാണ് ഉണ്ടായിരുന്നത്. പക്ഷേ ഈ റെക്കോർഡുകളെക്കാൾ ഞാൻ പരിഗണിക്കുന്നത് ടീമിന്റെ ഘടനയും ജോലിയിലെ ഏകീകരണവുമാണ്.അതെന്നെ കൂടുതൽ ഹാപ്പിയാക്കുന്നു ” ഇതാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്.

സസ്പെൻഡ് ചെയ്യപ്പെട്ട അർജന്റീനക്കെതിരെയുള്ള മത്സരം മാത്രമാണ് വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന് ഇനി അവശേഷിക്കുന്നത്.വരുന്ന ജൂണിൽ ഓസ്ട്രേലിയയിൽ വെച്ച് ഈ മത്സരം നടത്താനാണ് സാധ്യതകൾ.

Leave a Reply

Your email address will not be published. Required fields are marked *