അന്ന് ഫുട്ബോൾ നിർത്താൻ തീരുമാനിച്ചു,പിന്നീട് ആ സംഭവം വഴിത്തിരിവായി: കുട്ടിക്കാലം വിശദീകരിച്ച് ഡി പോൾ

ഇന്ന് അർജന്റീനയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് മധ്യനിര സൂപ്പർതാരമായ റോഡ്രിഗോ ഡി പോൾ. അർജന്റീനയുടെ സമീപകാലത്തെ കിരീടനേട്ടങ്ങളിൽ എല്ലാം തന്നെ വലിയ പങ്കുവഹിക്കാൻ ഡി പോളിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ഡി മരിയ നേടിയ വിജയ ഗോളിന് അസിസ്റ്റ് നൽകിയത് ഡി പോളായിരുന്നു. അർജന്റീനയുടെ വേൾഡ് കപ്പ് കിരീടം നേട്ടത്തിലും ഡി പോൾ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്.

എന്നാൽ അദ്ദേഹത്തിന്റെ കുട്ടിക്കാലം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. താരത്തിന്റെ മുത്തശ്ശനായിരുന്നു ഡി പോളിനെ ഒരു ഫുട്ബോൾ താരമാക്കി വളർത്തിയെടുത്തത്. തന്റെ കുട്ടിക്കാലത്തെ ചില കാര്യങ്ങൾ ഡി പോൾ പങ്കുവെച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ എട്ടാം വയസ്സു മുതൽ പതിനാലാം വയസ്സു വരെയുള്ള കാലയളവിൽ എന്റെ മുത്തശ്ശനായിരുന്നു എന്നെ ട്രെയിനിങ്ങിന് വേണ്ടി കൊണ്ടുപോയിരുന്നത്.എല്ലാദിവസവും ഞങ്ങൾ ബസ്സിനായിരുന്നു പോയിരുന്നത്. ആ സമയത്ത് ചോക്ലേറ്റ് മിഠായികൾ വാങ്ങാൻ വേണ്ടി 50 സെന്റ് എന്റെ മുത്തശ്ശൻ എനിക്ക് നൽകുമായിരുന്നു. എന്നിട്ട് അദ്ദേഹം ട്രെയിനിങ് സെന്ററിൽ നിന്നും വീട്ടിലേക്ക് നടക്കും. അദ്ദേഹത്തിന് ബസ്സിന് വീട്ടിലേക്ക് പോരാനുള്ള പണമായിരുന്നു അദ്ദേഹം മിട്ടായികൾ വാങ്ങാൻ വേണ്ടി എനിക്ക് നൽകിയിരുന്നത്.അദ്ദേഹത്തിന് അതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കാര്യം.

അദ്ദേഹം മരിച്ചതോടുകൂടി ഞാൻ ഫുട്ബോൾ നിർത്താൻ തീരുമാനിച്ചു.ട്രെയിനിങ്ങിന് ഞാൻ പോയില്ല.കാരണം കാര്യങ്ങൾ ഒന്നും പഴയ പോലെയായിരുന്നില്ല.എന്റെ മുത്തശ്ശി ഒറ്റക്കായിരുന്നു.അവരോടൊപ്പം താമസിക്കാൻ ഞാൻ തീരുമാനിച്ചു.എന്നാൽ ദിവസങ്ങൾക്ക് ശേഷം റേസിംഗ് ക്ലബ്ബിൽ നിന്നും എന്നെ ആളുകൾ തേടിയെത്തി.എന്നെ സ്വന്തമാക്കാൻ വേണ്ടിയായിരുന്നു അവർ എത്തിയിരുന്നത്.അത് വലിയൊരു നേട്ടമായിരുന്നു. അങ്ങനെ ഫുട്ബോൾ പുനരാരംഭിക്കുവാൻ ഞാൻ തീരുമാനിച്ചു. അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഇന്ന് ഒരു ഫുട്ബോൾ താരമാകുമായിരുന്നുവോ എന്നുപോലും എനിക്കറിയില്ല “ഇതാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.

റേസിംഗ് ക്ലബ്ബിലൂടെ വളർന്ന ഡിപോൾ പിന്നീട് വലൻസിയയിലേക്ക് എത്തുകയായിരുന്നു. അതിനുശേഷം ഇറ്റാലിയൻ ക്ലബ്ബായ ഉഡിനീസിയിൽ കളിക്കുന്ന സമയത്താണ് അദ്ദേഹം കൂടുതൽ മികവിലേക്ക് ഉയരുന്നത്. നിലവിൽ സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമാണ് ഡി പോൾ .

Leave a Reply

Your email address will not be published. Required fields are marked *