അന്ന് ചെയ്തത് തെറ്റ്, ഇനിയത് ആവർത്തിക്കില്ല, ഡിമരിയയുടെ കാര്യത്തിൽ തുറന്നു പറഞ്ഞ് സ്കലോണി !

കഴിഞ്ഞ മാസം നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിൽ പിഎസ്ജി താരം എയ്ഞ്ചൽ ഡിമരിയക്ക്‌ ഇടമുണ്ടായിരുന്നില്ല. ഇക്വഡോർ, ബൊളീവിയ എന്നീ ടീമുകൾക്കെതിരെ നടന്ന മത്സരത്തിൽ അർജന്റീന വിജയം കൊയ്തെങ്കിലും മിന്നും ഫോമിൽ കളിക്കുന്ന ഡിമരിയയെ ഉൾപ്പെടുത്താത്തത് വിമർശനങ്ങൾക്ക്‌ വഴിവെച്ചിരുന്നു. പ്രത്യേകിച്ച് ഡിമരിയ തന്നെ നേരിട്ട് ഇക്കാര്യത്തിലുള്ള അതൃപ്തി പരസ്യമായി അറിയിച്ചിരുന്നു. എന്നാൽ ഈ മാസം നടക്കുന്ന പരാഗ്വ, പെറു എന്നിവർക്കെതിരെയുള്ള മത്സരത്തിനുള്ള ടീമിലേക്ക് ഡിമരിയയെ സ്കലോണി തിരിച്ചു വിളിച്ചിരുന്നു. എന്നാൽ കഴിഞ്ഞ തവണ താരത്തെ ടീമിലേക്ക് വിളിക്കാതെയിരുന്നത് അബദ്ധമായി പോയി എന്ന തുറന്നു പറഞ്ഞിരിക്കുകയാണ് സ്കലോണി. ഒരിക്കൽ കൂടി അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താതെയുള്ള ആ തെറ്റ് ഞങ്ങൾ ആവർത്തിക്കില്ല എന്നാണ് സ്കലോണി ഇതിനെ കുറിച്ച് പറഞ്ഞത്. പരാഗ്വക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കഴിഞ്ഞ തവണത്തെ വിളിയിൽ ഞങ്ങൾക്ക്‌ നിക്കോ ഗോൺസാലസും ലോ സെൽസോയുമുണ്ടായിരുന്നു. ലിസ്റ്റ് നൽകിയ ശേഷം ഇരുവരും പരിക്കിന്റെ പിടിയിലകപ്പെട്ടു. ആ സമയത്ത് എനിക്ക് ഡിമരിയയെ വിളിക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ പല കാരണങ്ങളാലും അത് നടന്നില്ല. ഇപ്രാവശ്യത്തെ വിളിയിൽ നിക്കോ ഗോൺസാലസ് വരുന്നത് കുറച്ചു മിനുട്ടുകൾ മാത്രം കളിച്ചതിന് ശേഷമാണ്.ലോ സെൽസോയാവട്ടെ ഇതുവരെ താളം വീണ്ടെടുത്തിട്ടില്ല. അത്കൊണ്ട് തന്നെ ഇപ്രാവശ്യം ഞങ്ങൾ മുമ്പ് ആവർത്തിച്ച തെറ്റ് ആവർത്തിക്കാൻ പോവുന്നില്ല. ഡിമരിയയെ തിരിച്ചു വിളിക്കുക തന്നെ ചെയ്തു. ഞാനും അദ്ദേഹവും തമ്മിലുള്ള ബന്ധം മികച്ചതാണ്. അദ്ദേഹം ഞങ്ങളോടൊപ്പം ഉള്ളതിൽ ഞങ്ങൾ സന്തോഷവാൻമാരാണ്. അദ്ദേഹം നല്ല രീതിയിൽ തന്നെയാണ് പരിശീലനം പൂർത്തിയാക്കിയത് ” സ്കലോണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *