അന്നവർ ഗോളടി നിർത്താൻ അപേക്ഷിച്ചു, 6-1 ഇനിയും സംഭവിക്കാം, ലാപാസിലെ ഹീറോ പറയുന്നതിങ്ങനെ !

2009-ൽ നടന്ന ബൊളീവിയയുമായിട്ടുള്ള വേൾഡ് കപ്പ് യോഗ്യത മത്സരം ഒരു അർജന്റീനക്കാരനും മറക്കാൻ സാധ്യതയില്ല. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയോട് നാണം കെട്ടത്. മത്സരത്തിൽ ആധിപത്യം പുലർത്തിയ ബൊളീവിയക്കെതിരെ മറഡോണയുടെ കീഴിലുള്ള അർജന്റൈൻ നിരക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ലാ പാസിലെ ഉയരമേറിയ മൈതാനമാണ് തങ്ങളെ ചതിച്ചതെന്ന് അർജന്റൈൻ താരങ്ങൾ മത്സരശേഷം വെളിപ്പെടുത്തിയിരുന്നു. ശ്വാസമെടുക്കാൻ തങ്ങൾ ബുദ്ധിമുട്ടിയെന്ന് സൂപ്പർ താരങ്ങൾ ആരോപിച്ചിരുന്നു. ഏതായാലും ആ മത്സരത്തിലെ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് അന്നത്തെ ഹീറോയായ വോക്വിൻ ബൊട്ടേരോ.മൂന്ന് ഗോളും മൂന്ന് അസിസ്റ്റും സ്വന്തം പേരിൽ കുറിച്ച താരമാണ് ബൊട്ടേരോ. അന്നത്തെ മത്സരത്തിൽ അർജന്റൈൻ താരങ്ങൾ തങ്ങളോട് ഗോളടി നിർത്താൻ അപേക്ഷിച്ചു എന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. എൽ ഡെബെർ എന്ന പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ നാല്പത്തിരണ്ടുകാരൻ ഈ വെളിപ്പെടുത്തൽ നടത്തിയത്.

” ബൊളീവിയക്ക്‌ ഇനി വേണമെങ്കിലും അർജന്റീനക്കെതിരെ ആറ് ഗോളുകൾ നേടാം. പതിനൊന്ന് വർഷം കഴിഞ്ഞിട്ടുണ്ടെങ്കിലും അത് ഇനിയും ആവർത്തിക്കപ്പെടാം. അന്ന് അർജന്റീന താരങ്ങൾ ഞങ്ങളോട് പതിയെ കളിക്കാൻ ആവിശ്യപ്പെടുകയായിരുന്നു. അവർ അന്ന് ഗോളടി നിർത്താൻ അപേക്ഷിച്ചു. ആ സമയത്ത് ഞങ്ങൾ അഞ്ച് ഗോളുകൾ നേടിയിരുന്നു. അവർ ഗോളടി നിർത്താൻ അപേക്ഷിച്ച കാര്യം ഞാൻ സഹതാരങ്ങളായ മാഴ്‌സെലോ മാർട്ടിനെസിനോടും വാൾട്ടർ ഫ്ലോറസിനോടും ചർച്ച ചെയ്തു. പക്ഷെ ഞങ്ങൾക്ക്‌ ഗോൾനേടിയാൽ അത്രയും മെച്ചം ലഭിക്കുമായിരുന്നു. ഓരോ ഗോളിനും ഞങ്ങൾ പണം ലഭിക്കുമായിരുന്നു. അങ്ങനെ മൊത്തം 60000 ഡോളറാണ് ഞങ്ങൾക്ക്‌ ലഭിച്ചത്. മത്സരശേഷം ഞങ്ങൾക്ക്‌ 22 താരങ്ങൾക്കും 3000 ഡോളറോളമാണ് കിട്ടിയത് ” ബൊട്ടേരോ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *