അദ്ദേഹം എന്താണ് നേടിയിട്ടുള്ളത്? ബ്രസീൽ പരിശീലക സ്ഥാനത്തേക്ക് ആ പരിശീലകനെ കൊണ്ടുവരരുതെന്ന് സ്‌കൊളാരി!

ഖത്തർ വേൾഡ് കപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ബ്രസീലിന്റെ പരിശീലകനായ ടിറ്റെ തൽസ്ഥാനം രാജി വെച്ചിരുന്നു. പുതിയ പരിശീലകനെ ഇതുവരെ കണ്ടെത്താൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി, മുൻ സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്കെ എന്നിവരെയാണ് ബ്രസീൽ ഇപ്പോൾ പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബ്രസീലിനെ അവസാനമായി വേൾഡ് കപ്പ് കിരീടം നേടികൊടുത്ത പരിശീലകനാണ് ലൂയിസ് ഫെലിപെ സ്‌കൊളാരി. അദ്ദേഹം ഇപ്പോൾ ചില അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് സ്പയിനിന്റെ ദേശീയ ടീമിനൊപ്പം എൻറിക്കെ ഒന്നും തന്നെ നേടിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെ പരിശീലകസ്ഥാനത്തേക്ക് കൊണ്ടുവരരുത് എന്നുമാണ് സ്‌കൊളാരി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ദേശീയ ടീമിനു വേണ്ടി ഒന്നും തന്നെ നേടാൻ സാധിക്കാത്ത പരിശീലകനാണ് ലൂയിസ് എൻറിക്കെ.മികച്ച പ്രകടനം നടത്തിക്കൊണ്ട് കിരീടങ്ങൾ നേടണം.അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.എന്റെ അഭിപ്രായത്തിൽ ബ്രസീലിന് ഒരു യൂറോപ്യൻ പരിശീലകനെക്കാൾ ഏറ്റവും നല്ലത് ഒരു സൗത്ത് അമേരിക്കൻ പരിശീലകൻ തന്നെയാണ് ” സ്‌കൊളാരി പറഞ്ഞു.

2002 ലായിരുന്നു സ്‌കൊളാരി ബ്രസീലിന് വേൾഡ് കപ്പ് നേടിക്കൊടുത്തത്. 2014 ബ്രസീൽ ജർമ്മനിയോട് വലിയ തോൽവി ഏറ്റുവാങ്ങിയപ്പോൾ അന്നും പരിശീലക സ്ഥാനത്ത് സ്‌കൊളാരി ഉണ്ടായിരുന്നു.കഴിഞ്ഞ വർഷമായിരുന്നു ഇദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്.അതേസമയം സ്പയിനിന് വേണ്ടി ഒന്നും നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ബാഴ്സയിൽ നിരവധി കിരീടങ്ങൾ നേടിയിട്ടുള്ള പരിശീലകനാണ് എൻറിക്കെ.

Leave a Reply

Your email address will not be published. Required fields are marked *