അത് നുണയാണ് : വാർത്തകളോട് പ്രതികരിച്ച് അഗ്വേറോ

2021 ഡിസംബർ മാസത്തിലായിരുന്നു അർജന്റൈൻ സൂപ്പർ താരമായിരുന്ന സെർജിയോ അഗ്വേറോ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണമാണ് അദ്ദേഹം ഫുട്ബോൾ നേരത്തെ തന്നെ അവസാനിപ്പിച്ചത്. തന്റെ 33മത്തെ വയസ്സിൽ ബാഴ്സലോണയിൽ വെച്ചുകൊണ്ടാണ് അഗ്വേറോ ഫുട്ബോൾ അവസാനിപ്പിച്ചത്.നിലവിൽ മറ്റു മേഖലകളിൽ വ്യാപൃതനാണ് ഈ അർജന്റൈൻ താരം.

എന്നാൽ കഴിഞ്ഞ ദിവസം പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് ഒരു റിപ്പോർട്ട്‌ പുറത്തുവിട്ടിരുന്നു. അതായത് സെർജിയോ അഗ്വേറോ ഫുട്ബോളിലേക്ക് മടങ്ങി വരുന്നു എന്നായിരുന്നു വാർത്ത.അർജന്റൈൻ ക്ലബ്ബായ ഇന്റിപെന്റിയന്റെക്കൊപ്പം അദ്ദേഹം ട്രെയിൻ ചെയ്യുമെന്നായിരുന്നു Tyc നൽകിയിരുന്നത്. എന്നാൽ ആ വാർത്ത ഇപ്പോൾ അഗ്വേറോ തന്നെ നിഷേധിച്ചിട്ടുണ്ട്. താൻ ഫുട്ബോളിലേക്ക് മടങ്ങി വരുന്നില്ല എന്നാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അത് മുഴുവൻ നുണയാണ്. ഞാൻ ഇന്റിപെന്റിയന്റെക്കൊപ്പം ട്രെയിൻ ചെയ്യാനൊന്നും പോകുന്നില്ല. ചില സമയങ്ങളിൽ ഇത്തരം കാര്യങ്ങൾ നിർമ്മിക്കപ്പെടും.ഞാൻ കാർഡിയോളജിസ്റ്റിനെ കണ്ടിരുന്നു,നല്ല നിലയിൽ തന്നെയാണ് ഞാൻ ഇപ്പോൾ ഉള്ളത്.ആരോഗ്യത്തോടെ തുടരുക എന്നുള്ളത് ഇംപോർട്ടന്റ് ആയ ഒരു കാര്യമാണ്. പക്ഷേ ഫുട്ബോളിൽ ഫസ്റ്റ് ഡിവിഷൻ ലെവലിലേക്ക് എത്തണമെങ്കിൽ ഞാൻ ഇനിയും ഒരുപാട് ടെസ്റ്റുകൾ ഒക്കെ നടത്തേണ്ടതുണ്ട് ” ഇതാണ് അർജന്റീന താരമായിരുന്ന അഗ്വേറോ പറഞ്ഞിട്ടുള്ളത്.

അതായത് ഫുട്ബോൾ കളിക്കാൻ ആവശ്യമായ ഒരു ആരോഗ്യത്തിലേക്ക് താൻ എത്തിയിട്ടില്ല എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.അർജന്റൈൻ ഇതിഹാസമായ കാർലോസ് ടവസ്സാണ് ഇന്റിപെന്റിയന്റെയുടെ പരിശീലകൻ.അഗ്വേറോ തിരിച്ചുവരികയാണെങ്കിൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ടെവസ് ഈയിടെ പറഞ്ഞിരുന്നു. അതിന്റെ പിന്നാലെയായിരുന്നു ഈ റിപ്പോർട്ട്‌ Tyc പ്രസിദ്ധീകരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *