അത്യന്തം ആവേശകരം, ഒടുവിൽ ജയം പിടിച്ചു വാങ്ങി ഓറഞ്ചുപട!

യൂറോ കപ്പിൽ അല്പം മുമ്പ് നടന്ന മത്സരത്തിൽ ഹോളണ്ടിന് ആവേശവിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹോളണ്ട് ഉക്രൈനെ കീഴടക്കിയത്. ഒരു ഘട്ടത്തിൽ രണ്ട് ഗോളിന്റെ ലീഡ് നേടി ഹോളണ്ട് ജയമുറപ്പിച്ചിരുന്നുവെങ്കിലും ഉക്രൈൻ തിരിച്ചടിക്കുകയായിരുന്നു. എന്നാൽ മത്സരം കൈവിടാൻ ഒരുക്കമല്ലാത്ത ഹോളണ്ട് മറ്റൊരു ഗോൾ നേടി വിലപ്പെട്ട മൂന്ന് പോയിന്റുകൾ കരസ്ഥമാക്കി.ഓറഞ്ചുപടക്ക് വേണ്ടി വൈനാൾഡം,വൗട്ട്,ഡംഫ്രിസ്‌ എന്നിവർ ഗോളുകൾ നേടിയപ്പോൾ ഉക്രൈനിന്റെ ഗോളുകൾ യർമൊലെങ്കോ,യറെംചുക് എന്നിവരുടെ വകയായിരുന്നു.

മത്സരത്തിന്റെ ആദ്യപകുതിയിൽ ഒരൊറ്റ ഗോളുകൾ പിറന്നില്ലെങ്കിലും രണ്ടാം പകുതി തീർത്തും വ്യത്യസ്ഥമായിരുന്നു.52-ആം മിനിറ്റിൽ വൈനാൾഡമാണ് ഹോളണ്ടിന് ലീഡ് നേടിക്കൊടുത്തത്.ആറ് മിനുട്ടുകൾക്ക് ശേഷം വൗട്ട് ലീഡുയർത്തി.ഹോളണ്ട് മത്സരം അനായാസം വിജയിക്കുമെന്ന് കരുതിയെങ്കിലും ഉക്രൈൻ അതിശക്തമായി തിരിച്ചടിക്കുകയായിരുന്നു.75-ആം മിനിറ്റിൽ യർമൊലെങ്കോ ഗോൾ നേടി.ഈ ഗോളിന് വഴിയൊരുക്കിയ യറെംചുക് തന്നെയാണ് നാല് മിനുട്ടിന് ശേഷം ഗോൾ നേടിയത്. ഇതോടെ മത്സരം സമനിലയിലേക്ക് നീങ്ങി.എന്നാൽ 85-ആം മിനിറ്റിൽ നഥാൻ അകെയുടെ അസിസ്റ്റിൽ നിന്ന് ഡംഫ്രിസ്‌ ഗോൾ നേടിയതോടെ ഹോളണ്ട് മൂന്ന് പോയിന്റുകൾ പോക്കറ്റിലാക്കി.അതേസമയം മറ്റൊരു മത്സരത്തിൽ നോർത്ത് മാസിഡോണിയയെ ഓസ്ട്രിയ കീഴടക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട്രിയ ജയം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!